കടുവകളെ തടഞ്ഞ് അശ്വിനും ജഡേജയും; തിരിച്ചടികളിൽ നിന്ന് കരകയറി ഇന്ത്യ

കെ എൽ രാഹുൽ 16 റൺസുമായി പുറത്തായപ്പോൾ ഇന്ത്യൻ സ്കോർ ആറിന് 144.

dot image

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ തുടക്കത്തില്‍ നേരിട്ട തിരിച്ചടികളിൽ നിന്ന് ഇന്ത്യ കരകയറുന്നു. മുൻനിര ബാറ്റർമാർ മോശം പ്രകടനം നടത്തി വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ചേർന്ന ഏഴാം വിക്കറ്റിലെ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് രക്ഷയായത്. ഒന്നാം ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തിട്ടുണ്ട്. 102 റൺസോടെ രവിചന്ദ്രൻ അശ്വിനും 86 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇപ്പോൾ 195 റൺ‌സ് പിന്നിട്ടു.

മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബൗളിം​ഗ് തിരഞ്ഞെടുത്തു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ആദ്യ ദിനം രാവിലെ ബൗളർമാരെ ഏറെ പിന്തുണച്ചു. ഇതോടെ ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരായി മോശം പ്രകടനം നടത്തി ഡ​ഗ്ഔട്ടിൽ തിരിച്ചെത്തി. ഓപണർ യശസ്വി ജയ്സ്വാളിന് മാത്രമാണ് അൽപ്പസമയമെങ്കിലും ക്രീസിൽ ചിലവഴിക്കാൻ കഴിഞ്ഞത്. രോഹിത് ശർമ ആറ്, ശുഭ്മൻ ​ഗിൽ പൂജ്യം, വിരാട് കോഹ്‍ലി ആറ് എന്നിവർ മടങ്ങുമ്പോൾ ഇന്ത്യ മൂന്നിന് 34.

ജയ്സ്വാൾ-റിഷഭ് പന്ത് സഖ്യം രക്ഷാപ്രവർ‌ത്തനം തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. റിഷഭ് പന്ത് 39 റൺസെടുത്തും പിന്നാലെ ജയ്സ്വാൾ 56 റൺസുമായും മടങ്ങി. കെ എൽ രാഹുൽ 16 റൺസുമായി പുറത്തായപ്പോൾ ഇന്ത്യൻ സ്കോർ ആറിന് 144. പിന്നീടാണ് അശ്വിൻ-ജഡേജ സഖ്യം ക്രീസിൽ നിലയുറപ്പിച്ചത്. 112 പന്തിൽ 102 റൺസുമായി ക്രീസിൽ തുടരുന്ന അശ്വിന്റെ ഇന്നിം​ഗ്സിൽ 10 ഫോറും രണ്ട് സിക്സുമുണ്ട്. 117 പന്തിൽ 86 റൺസെടുത്ത് നിൽക്കുന്ന ജഡേജയുടെ ഇന്നിം​ഗ്സിന് കരുത്തായതും 10 ഫോറും രണ്ട് സിക്സുമാണ്.

മറുവശത്ത് ബം​ഗ്ലാദേശ് നിരയിൽ ഹസൻ മഹ്മൂദ് നാല് വിക്കറ്റെടുത്തു. രോഹിത് ശർമ, ശുഭ്മൻ ​ഗിൽ, വിരാട് കോഹ്‍ലി, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് മഹ്മുദ് നേടിയത്. നാഹിദ് റാണ, മെഹിദി ഹസ്സൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

dot image
To advertise here,contact us
dot image