
ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ പരിശീലകൻ ഗൗതം ഗംഭീറിനെ വിലയിരുത്തി പഴയ പരിശീലകൻ രാഹുൽ ദ്രാവിഡ്. ബെംഗളൂരുവിൽ ഒരു ഐടി കമ്പനിയുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് രാഹുൽ ദ്രാവിഡ് തന്റെ പിൻഗാമിയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ ടീമിനൊപ്പം വലിയ കാലയളവിൽ ഗംഭീർ ക്രിക്കറ്റ് കളിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗംഭീറിന്റെ പരിശീലനവും മികച്ചതായിരുന്നു. ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിക്കാൻ ഗംഭീറിന് കഴിയും. ആ അനുഭവസമ്പത്ത് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ ഗംഭീർ തീർച്ചയായും മികവ് കാട്ടുമെന്നും ദ്രാവിഡ് പ്രതികരിച്ചു.
ഇന്ത്യൻ ടീമിനൊപ്പം ഗംഭീർ പരിശീലകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇപ്പോൾ ബംഗ്ലാദേശിനെതിരെ നടക്കുന്നത്. മുമ്പ് ശ്രീലങ്കയ്ക്കെതിരെ ട്വന്റി 20, ഏകദിന പരമ്പരയിൽ ഗംഭീർ ഇന്ത്യയുടെ പരിശീലകനായിരുന്നു. ട്വന്റി 20 പരമ്പരയിലെ വിജയത്തോടെ ഇന്ത്യയ്ക്ക് തുടങ്ങാൻ കഴിഞ്ഞെങ്കിലും ഏകദിന പരമ്പര കൈവിട്ടു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ വമ്പൻ തിരിച്ചുവരവിനാണ് ഗംഭീറിന്റെ സംഘം ഒരുങ്ങുന്നത്.
ഇന്ത്യൻ ടീമിനെ 2021 മുതൽ 2024 വരെയാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചത്. 2024ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കിരീടം നേടിയതാണ് ദ്രാവിഡിന്റെ പ്രധാന നേട്ടം. 2023ലെ ഏകദിന ലോകകപ്പിന്റെയും 2021-23 ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെയും ഫൈനൽ കളിക്കാനും ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു.