ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ അപൂർവ്വ നേട്ടത്തിലെത്തി ഇന്ത്യൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ. 2019ൽ ആരംഭിച്ച ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ. ഇന്ത്യൻ സഹതാരം രവീന്ദ്ര ജഡേജ മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചിട്ടുള്ളത്.
ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്ന് പതിപ്പുകളിൽ ആകെ 11 ബൗളർമാർക്ക് 100 വിക്കറ്റ് നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരിൽ ആർക്കും 1000 റൺസ് എന്ന നേട്ടം ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ആണ്. 187 വിക്കറ്റുകൾ ഓസ്ട്രേലിയൻ താരം ഇതുവരെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വീഴ്ത്തിക്കഴിഞ്ഞു. 14 വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിന് ലിയോണെ മറികടന്ന് ടെസ്റ്റ് ചാംപ്യൻഷിപ്പിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാകാം.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ തകർന്നപ്പോൾ രക്ഷയ്ക്കെത്തിയതും രവിചന്ദ്രൻ അശ്വിൻ-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. ഒരു ഘട്ടത്തിൽ ഇന്ത്യ ആറിന് 144 എന്ന് തകർന്നു. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ചേർന്ന ഏഴാം വിക്കറ്റിലെ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് രക്ഷയായത്. ഒന്നാം ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തിട്ടുണ്ട്. 102 റൺസോടെ രവിചന്ദ്രൻ അശ്വിനും 86 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇപ്പോൾ 195 റൺസ് പിന്നിട്ടിട്ടുണ്ട്.