ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ബിക്കെതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് ഇന്ത്യ ഡി ടീമിന്റെ താരമായ സഞ്ജുവിന്റെ സെഞ്ച്വറിനേട്ടം. 95 പന്തുകളില്‍ നിന്നാണ് സഞ്ജു മൂന്നക്കം തികച്ചത്.
11 ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ബാറ്റില്‍ നിന്ന് പിറന്നത്. സഞ്ജുവിന്റെ 11-ാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേട്ടത്തില്‍ മലയാളി താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. 18 സെഞ്ച്വറി തികച്ച സച്ചിന്‍ ബേബി ഒന്നാമതും 13 സെഞ്ച്വറി തികച്ച രോഹന്‍ പ്രേം രണ്ടാമതുമാണ്.
‼️HUNDRED BY SANJU SAMSON. ‼️
— Mufaddal Vohra (@mufaddal_vohra) September 20, 2024
- Just 95 balls to reach his 11th First Class century, a top knock in the Duleep Trophy. 👏 pic.twitter.com/vipvnSEZeh
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഡിയ്ക്കായി കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 50 റണ്‍സുമായും ശ്രീകര്‍ ഭരത് 52 റണ്‍സുമായും ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാമനായി ഇറങ്ങിയ റിക്കി ബുയി 53 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി.
സഞ്ജു ക്രീസിലെത്തുമ്പോള്‍ ഇന്ത്യ ഡി മൂന്നിന് 173 എന്ന ഭേദപ്പെട്ട സ്‌കോറിലായിരുന്നു. പിന്നാലെ നിഷാന്ത് സിന്ദു 19 റണ്‍സോടെയും ശ്രേയസ് അയ്യര്‍ റണ്‍സൊന്നും എടുക്കാതെയും പുറത്തായി. ഇതോടെ ഇന്ത്യ ഡിയുടെ സ്‌കോര്‍ അഞ്ചിന് 216 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. ഇന്ത്യ എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്തില്‍ 40 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ എ 186 റണ്‍സിന് വിജയിക്കുകയായിരുന്നു.