ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഹതാരം രവീന്ദ്ര ജഡേജയെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ. 'ഞാൻ എപ്പോഴും അവനുമായി മത്സരിക്കുന്നു. എനിക്ക് ലഭിച്ച സമ്മാനം ആണ് അയാൾ. അത്രമേൽ കഴിവുള്ള സഹതാരം. ഇപ്പോഴും ജഡേജ സ്വന്തം കഴിവുകൾ പൂർണമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. ചിലപ്പോഴൊക്കെ അവനെപ്പോലെ ആകാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ഞാൻ എപ്പോഴും സ്വന്തം ക്യാരക്ടറിൽ ആയിരുന്നു,' രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടിത്തന്നത് അശ്വിൻ-ജഡേജ സഖ്യമാണ്. മത്സരത്തിന്റെ ആദ്യ ദിനം ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒരു ഘട്ടത്തിൽ ആറിന് 144 എന്ന സ്കോറിലായിരുന്നു. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന അശ്വിൻ-ജഡേജ സഖ്യം ഏഴാം വിക്കറ്റിൽ 199 റൺസ് കൂട്ടിച്ചേർത്തു. ജഡേജ 86 റൺസോടെയും അശ്വിൻ 113 റൺസോടെയും പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 376ലെത്തി.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ സ്കോറിനോട് മറുപടി പറഞ്ഞ ബംഗ്ലാദേശ് വെറും 149 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ 227 റൺസ് ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ആകെ ലീഡ് 308 റൺസിലെത്തിയിട്ടുമുണ്ട്.