ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ രവിചന്ദ്രൻ അശ്വിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. അശ്വിന്റെ ബാറ്റിങ് ഇന്ത്യൻ മുൻ താരം വി വി എസ് ലക്ഷ്മണെ ഓർമ്മിപ്പിച്ചുവെന്നാണ് ചോപ്രയുടെ പ്രതികരണം. പന്ത് വരുന്നതിനായി അശ്വിൻ കാത്ത് നിന്നു. ബാക്ക്ഫുട്ടിലെ അശ്വിന്റെ ഷോട്ടുകൾ, സ്പിൻ ബൗളർമാരെ കളിച്ച രീതി, കാൽമുട്ട് വളച്ചുകൊണ്ടുള്ള ഷോട്ടുകൾ എല്ലാം ലക്ഷ്മണിനെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു.
അശ്വിൻ കളിച്ചത് വളരെ വലിയൊരു ഇന്നിംഗ്സാണ്. ഒരുപക്ഷേ അശ്വിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ കുറഞ്ഞ ഒരു സ്കോറിൽ എല്ലാവരും പുറത്തായേനെ. അങ്ങനെയെങ്കിൽ മറ്റൊരു ചർച്ചയാവും താൻ നടത്തുക. ജഡേജയുടെ ഇന്നിംഗ്സും ഏറെ മികച്ചതായിരുന്നു. എങ്കിലും അശ്വിനാണ് കൂടുതൽ പ്രശംസിക്കപ്പെടേണ്ട ഇന്നിംഗ്സ് കളിച്ചതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ 133 പന്തിൽ 113 റൺസാണ് അശ്വിൻ നേടിയത്. 11 ഫോറും രണ്ട് സിക്സും സഹിതമാണ് അശ്വിന്റെ ഇന്നിംഗ്സ്. ഒരു ഘട്ടത്തിൽ ആറിന് 144 എന്ന നിലയിൽ ഇന്ത്യ തകർന്നപ്പോൾ ഓൾ റൗണ്ട് താരം ഇന്ത്യയ്ക്ക് രക്ഷകനായെത്തി. രവീന്ദ്ര ജഡേജയ്ക്കൊപ്പം അശ്വിൻ 199 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 86 റൺസുമായാണ് ജഡേജ പുറത്തായത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ സ്കോർ 376ൽ എത്താനും അശ്വിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് സഹായിച്ചു.