ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്‌വാളിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ജയ്‌സ്‌വാളിന്റെ പ്രകടനം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നാണ് പഠാന്‍ പറയുന്നത്. ബംഗ്ലാദേശിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ജയ്‌സ്‌വാള്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴായിരുന്നു ജയ്‌സ്‌വാളിന്റെ രക്ഷാപ്രവര്‍ത്തനം. ഈ സാഹചര്യത്തിലാണ് പഠാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
'ജയ്‌സ്‌വാളിന്റെ പ്രകടനം കാണുന്നത് എപ്പോഴും ആവേശമാണ്. ഓഫ്‌സൈഡിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ സൗരവ് ഗാംഗുലിയെയാണ് ഓര്‍മ്മ വരുന്നത്. ദാദ ഓഫ് സൈഡിന്റെ രാജാവായിരുന്നു. ഇനിയും ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ ഗാംഗുലിയെ കുറിച്ച് സംസാരിക്കുന്നതുപോലെ ജയ്‌സ്‌വാളിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കും', ഇര്‍ഫാന്‍ പഠാന്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.
ബംഗ്ലാദേശിനെതിരെ 118 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം56 റണ്‍സാണ് ജയ്‌സ്‌വാള്‍ അടിച്ചുകൂട്ടിയത്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. 9.2 ഓവറില്‍ 34 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോഹ്ലി (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്.
ഈ സാഹചര്യത്തിലാണ് ജയ്‌സ്‌വാളും റിഷഭ് പന്തും ചെറുത്തുനിന്ന് ഇന്ത്യയെ കരകയറ്റിയത്. ലഞ്ചിന് ശേഷം റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 52 പന്തില്‍ 39 റണ്‍സ് നേടിയ പന്തിനെ ഹസന്‍ മഹ്‌മൂദാണ് പുറത്താക്കിയത്. പിന്നാലെയായിരുന്നു ജയ്സ്വാളിന്റെ മടക്കം. താരത്തെ നഹിദ് റാണ ഷദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 42ാം ഓവറില്‍ അഞ്ചാം വിക്കറ്റായാണ് ജയ്‌സ്‌വാള്‍ മടങ്ങിയത്.