ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് അഫ്ഗാന്‍ പരമ്പര പിടിച്ചെടുത്തത്. അഫ്ഗാന്‍ ഉയര്‍ത്തിയ 312 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വെറും 134 റണ്‍സിന് പുറത്താക്കുകയായിരുന്നു.
സെഞ്ച്വറി നേടി റഹ്‌മാനുള്ള ഗുര്‍ബാസും അര്‍ദ്ധ സെഞ്ച്വറിയുമായി അസ്മത്തുള്ള ഒമര്‍സായിയും ബാറ്റിങ്ങില്‍ മിന്നിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങിയതോടെ വിജയം അഫ്ഗാനിസ്ഥാന് സ്വന്തമായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് അഫ്ഗാന്‍ പട സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അഫ്ഗാന്‍ പരാജയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു പരമ്പര അഫ്ഗാന്‍ വിജയിക്കുന്നത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 311 റണ്‍സ് എടുത്തത്. റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് സെഞ്ച്വറിയും (105) അസ്മത്തുള്ള ഒമര്‍സായിയുടെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (80*) അഫ്ഗാനെ ഹിമാലയന്‍ ടോട്ടലിലേക്ക് നയിച്ചത്. ഗുര്‍ബാസും റിയാസ് ഹസനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 88 റണ്‍സ് പിറന്നു. 18-ാം ഓവറില്‍ റിയാസ് ഹസനെ (29) പുറത്താക്കി എയ്ഡന്‍ മാര്‍ക്രമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വണ്‍ഡൗണായി ക്രീസിലെത്തിയ റഹ്‌മത്ത് ഷായും തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. ഇതിനിടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുര്‍ബാസിനെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡാക്കി. 110 പന്തില്‍ മൂന്ന് സിക്‌സും പത്ത് ബൗണ്ടറിയും സഹിതം 105 റണ്‍സെടുത്താണ് ഗുര്‍ബാസ് മടങ്ങിയത്. ഗുര്‍ബാസിന് പകരക്കാരനായി ക്രീസിലെത്തിയ ഒമര്‍സായിയും റഹ്‌മത്ത് ഷായ്ക്ക് മികച്ച പിന്തുണ നല്‍കി.
അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ റഹ്‌മത്ത് ഷായ്ക്കും മടങ്ങേണ്ടിവന്നു. 66 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 50 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് നബിയെ (13) ലുങ്കി എങ്കിഡി തെംബ ബവുമയുടെ കൈകളിലെത്തിച്ചു. 50 പന്തില്‍ 86 റണ്‍സെടുത്ത ഒമര്‍സായിക്കൊപ്പം റാഷിദ് ഖാനും (6) പുറത്താവാതെ നിന്നു.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക അഫ്ഗാന്‍ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 47 പന്തില്‍ 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ തെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ടോണി ഡി സോര്‍സി (31), റീസ ഹെന്‍ഡ്രിക്‌സ് (17), ഐഡന്‍ മാര്‍ക്രം (21) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. റാഷിദ് ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. തന്റെ ഒന്‍പത് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദിന്റെ വിക്കറ്റ് വേട്ട. നംഗോലിയ ഖരോട്ടെ നാല് വിക്കറ്റും വീഴ്ത്തി.