ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ബുംറ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതിനുപിന്നാലെയാണ് ബുംറയെ പ്രശംസിച്ച് മഞ്ജരേക്കര്‍ രംഗത്തെത്തിയത്.
'ബുംറ ഒരു ചാമ്പ്യന്‍ ബൗളറാണ്. അതിനെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ? ഒരു ദൗര്‍ബല്യം പോലുമില്ലാത്ത ശക്തനായ ബൗളറാണ് ബുംറയെന്ന് എനിക്ക് ഇന്ന് മനസ്സിലായി. അദ്ദേഹം മഹാനാണ്', മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
Is there anything more left to say about Bumrah as a champion bowler?
— Sanjay Manjrekar (@sanjaymanjrekar) September 20, 2024
Well I realised today that he is a bowler with just strengths, zero weakness. Guess, that’s the ultimate yardstick for greatness.#Bumrah
2024 ടി20 ലോകകപ്പിന് പിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങിയ ബുംറ തന്റെ മടങ്ങിവരവ് ആഘോഷിക്കുകയാണ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സില്‍ തന്റെ 11 ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യയെ 376 റണ്‍സിന് ഓള്‍ഔട്ടാക്കി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയത് ബുംറയാണ്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (2) ബൗള്‍ഡാക്കി ബുംറയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മുഷ്ഫിഖുര്‍ റഹീം (8), ഹസന്‍ മഹ്‌മൂദ് (9), ടസ്‌കിന്‍ അഹ്‌മദ് (11) എന്നിവരെയും ബുംറ പുറത്താക്കി.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് സ്വന്തമാക്കുന്ന ആറാമത്തെ പേസറായി മാറാനും ബുംറയ്ക്ക് സാധിച്ചു. ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി 227 മത്സരങ്ങളില്‍ നിന്നാണ് ബുംറ 400 വിക്കറ്റ് ക്ലബ്ബിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറും ബുംറയാണ്.