ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. 53 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 45 റൺസെടുത്ത് സഞ്ജു പുറത്തായി. ആദ്യ ഇന്നിംഗ്സിൽ റൺസെടുക്കാതിരിക്കാൻ കഴിയാതിരുന്ന ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ രണ്ടാം ഇന്നിംഗ്സിൽ 50 റൺസെടുത്തു പുറത്തായി. 90 റൺസുമായി ക്രീസിൽ തുടരുന്ന റിക്കി ഭുയിയാണ് ഇന്ത്യ ഡിയ്ക്കായി തിളങ്ങിയ മറ്റൊരു താരം.
ദുലീപ് ട്രോഫിയിൽ മൂന്ന് ദിവസം മത്സരം പിന്നിടുമ്പോൾ ഇന്ത്യ ഡി രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയുടെ ലീഡ് 311 റൺസിലെത്തി. റിക്കി ഭുയിക്കൊപ്പം 28 റൺസുമായി ആകാശ് സെൻഗുപ്തയാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനമായ നാളെ വേഗത്തിൽ പരമാവധി ലീഡിലെത്തിയാൽ മാത്രമെ ഇന്ത്യ ഡിയ്ക്ക് വിജയം സ്വപ്നം കാണാൻ കഴിയൂ.
നേരത്തെ ഇന്ത്യ ബി ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. വാഷിംഗ്ടൺ സുന്ദർ നേടിയ 87 റൺസ് മികവിൽ ഇന്ത്യ ബി ആദ്യ ഇന്നിംഗ്സിൽ 282 റൺസെന്ന സ്കോറിലെത്തി. ഇന്ത്യ ബി ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 116 റൺസും നേടി ടോപ് സ്കോററായി. എങ്കിലും ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയ്ക്കെതിരെ ഇന്ത്യ ബി 67 റൺസ് പിന്നിലായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഡി 349 റൺസാണ് നേടിയത്.