ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ നിരവധി പരിക്കുകളോടെയാണ് കളിക്കുന്നതെന്ന് ഇന്ത്യൻ മുൻ താരം മുരളി കാർത്തിക്ക്. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ് പുരോഗമിക്കുന്നതിനിടെയാണ് കാർത്തിക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഷാക്കിബിനെ ഏറെക്കാലമായി കാണുന്നതാണ്. എന്തൊകൊണ്ടാണ് കുറച്ച് മാത്രം പന്തെറിയുന്നതെന്ന് താൻ ഷാക്കിബിനോട് ചോദിച്ചു. ഇതിന് കാരണമുണ്ടെന്ന് ഷാക്കിബ് തന്നോട് പറഞ്ഞിരുന്നു. ഷാക്കിബ് പന്തെറിയുന്ന ഇടതുകൈയ്യിലെ രണ്ട് വിരലുകൾക്ക് പരിക്കുണ്ടെന്ന് തന്നോട് പറഞ്ഞെന്നും കാർത്തിക്ക് പറയുന്നു.
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലായി ഷാക്കിബ് 21 ഓവർ മാത്രമാണ് പന്തെറിഞ്ഞത്. വിക്കറ്റൊന്നും നേടാത്ത താരം ഏറെ റൺസും വിട്ടുകൊടുത്തിരുന്നു. ചെന്നൈയിലെ പിച്ചിൽ സ്പിന്നർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. എങ്കിലും യുവതാരം മെഹിദി ഹസൻ മിറാസ് എറിഞ്ഞതിന്റെ പകുതി ഓവർ മാത്രമാണ് അനുഭവസമ്പന്നായ ഷാക്കിബ് പന്തെറിഞ്ഞത്.
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റുകൊണ്ടും ഷാക്കിബിന് വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഇന്നിംഗ്സിൽ 32 റൺസെടുത്ത് ഷാക്കിബ് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് റൺസുമായി താരം ക്രീസിലുണ്ട്. 37കാരനായ ഷാക്കിബ് കരിയറിന്റെ അവസാന ഘട്ടത്തിലാണ്.