ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് മത്സരമില്ല. ശ്രീലങ്കയിലെ ഗാലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. മഴയോ മഞ്ഞോ പോലെ മത്സരത്തിന് തടസമായ യാതൊരു സാഹചര്യവും ഇല്ലാതെയാണ് ഒന്നാം ടെസ്റ്റ് ഇന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
എന്നാല്‍ വ്യക്തമായ മറ്റൊരു കാരണം കൊണ്ടാണ് ടെസ്റ്റിന്റെ നാലാം ദിനം മത്സരം പുനഃരാരംഭിക്കാത്തത്. ഒന്നാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതാണ് മത്സരത്തിന് വിശ്രമദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആതിഥേയരായ ടീമിലെ താരങ്ങള്‍ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തും.
2008ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് വിശ്രമദിനം അനുവദിക്കുന്നത്. 2008ല്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുമ്പോഴാണ് ഇത് അവസാനമായി സംഭവിച്ചത്. 2008 ഡിസംബര്‍ 26 മുതല്‍ 31 വരെ ധാക്കയിലെ മിര്‍പൂരിലായിരുന്നു ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം. അതിനിടെ ബംഗ്ലാദേശിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 29ന് നിശ്ചയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാരണം മൂന്നാം ദിവസത്തിന് ശേഷം മത്സരം താല്‍ക്കാലികമായി നിര്‍ത്തി. കളി നിര്‍ത്തുമ്പോള്‍ നാലിന് 291എന്ന നിലയിലായിരുന്നു അതിഥികളായ ശ്രീലങ്ക. തെരഞ്ഞെടുപ്പിനായി ഡിസംബര്‍ 29ന് വിശ്രമദിനമായ ശേഷം നാലാം ദിവസമായി കണക്കാക്കുന്ന ഡിസംബര്‍ 30ന് കളി പുനരാരംഭിക്കുകയായിരുന്നു.
അതേസമയം ഗാലെ ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് ഇപ്പോൾ 202 റൺസിന്റെ ലീഡാണുള്ളത്.
നേരത്തെ നാലിന് 255 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ് മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 85 റൺസ് കൂടി കൂട്ടിച്ചേർത്ത കിവിസ് സംഘം പക്ഷെ അവശേഷിച്ച ആറ് വിക്കറ്റുകൾ കൂടി നഷ്ടമാക്കി. ആദ്യ ഇന്നിംഗ്സിൽ 340 റൺസാണ് ന്യൂസിലാൻഡിന് നേടാനായത്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 305 റൺസും നേടിയിരുന്നു.
ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയേക്കാൾ 35 റൺസിന്റെ ലീഡ് നേടാനും ന്യൂസിലാൻഡിന് കഴിഞ്ഞു. ടോം ലാഥം 70 റൺസെടുത്ത് ടോപ് സ്കോററായി. ഡാരൽ മിച്ചൽ 57, കെയ്ൻ വില്യംസൺ 55, ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ 49, രചിൻ രവീന്ദ്ര 39 എന്നിങ്ങനെയും സ്കോർ ചെയ്തു. ശ്രീലങ്കയ്ക്കായി പ്രബത് ജയസൂര്യ നാല് വിക്കറ്റെടുത്തു. രമേഷ് മെൻഡിസ് മൂന്നും ധനഞ്ജയ ഡി സിൽവ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി ദിമുക്ത് കരുണരത്നെ 83 റൺസും ദിനേശ് ചന്ദിമാൽ 61 റൺസും നേടി. എയ്‍ഞ്ചലോ മാത്യൂസും ധനഞ്ജയ ഡി സിൽവയും 34 റൺസോടെ ക്രീസിൽ തുടരുന്നു. ന്യൂസിലാൻഡ് നിരയിൽ രണ്ടാം ഇന്നിംഗ്സിലും പേസർ വിൽ ഒ റൂക്കാണ് തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ റൂക്ക് രണ്ടാം ഇന്നിംഗ്സിൽ ഇതുവരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.