
2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ മുൻ താരം യുവരാജ് സിങ് ഒരോവറിലെ ആറ് പന്തും സിക്സ് അടിച്ചിരുന്നു. ഇംഗ്ലണ്ട് മുൻ പേസർ സ്റ്റുവർട്ട് ബ്രോഡാണ് യുവരാജിന്റെ ബാറ്റിങ് വിസ്ഫോടനത്തിന് ഇരയായത്. 17 വർഷങ്ങൾക്ക് ശേഷം അന്നത്തെ തന്റെ ഒരു ഓവറിൽ യുവരാജിന് ഏഴ് സിക്സ് അടിക്കാൻ അവസരം ഉണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് ബ്രോഡ്. 17 വർഷത്തിന് ശേഷം യുവരാജിന്റെ ആറ് സിക്സുകൾ കണ്ടതിന് ശേഷം സ്കൈ സ്പോർട്സിനോടാണ് ബ്രോഡിന്റെ പ്രതികരണം.
'ആദ്യ മൂന്ന് പന്തുകളിൽ സിക്സ് പിറന്നതോടെ ഞാൻ എറൗണ്ട് ദ വിക്കറ്റായി പന്തെറിഞ്ഞു. റൺസൊഴുക്ക് നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ പന്ത് ഫുൾഡോസായി. അരയ്ക്ക് മുകളിൽ ഉയർന്ന ഈ പന്ത് അമ്പയർക്ക് നോബോൾ വിളിക്കാമായിരുന്നു. എന്നാൽ അമ്പയർ അത് ശ്രദ്ധിക്കാതിരുന്നത് എനിക്ക് ഭാഗ്യമായി. അല്ലെങ്കിൽ ആ ഓവറിൽ ഏഴ് സിക്സ് ഉണ്ടാകുമായിരുന്നു.' ബ്രോഡ് പറഞ്ഞത് ഇങ്ങനെ.
ഇംഗ്ലണ്ടിനെതിരെ ഒരോവറിൽ ആറ് സിക്സ് അടിച്ചതിനൊപ്പം മറ്റ് പല റെക്കോർഡുകളും അന്ന് യുവരാജ് സ്വന്തമാക്കിയിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ വേഗതയേറിയ അർധ സെഞ്ച്വറി അന്ന് യുവരാജ് സ്വന്തം പേരിൽ കുറിച്ചു. 12 പന്തിലായിരുന്നു യുവരാജ് 50 റൺസിലെത്തിയത്. പിന്നാലെ 16 പന്തിൽ 58 റൺസുമായി താരം പുറത്തായി. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 18 റൺസിന് തോൽപ്പിച്ചു. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ചാംപ്യന്മാരും ഇന്ത്യയായിരുന്നു.