ക്രിക്കറ്റിൽ വീണ്ടും വിസ്മയം ജനിപ്പിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ബൗളിംഗ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് സ്റ്റാർക് വിസ്മയിപ്പിക്കുന്ന ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. ലെഗ് സൈഡിൽ വന്ന യോർക്കറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായിരുന്ന ഹാരി ബ്രൂക്കിന് കളിക്കാൻ കഴിഞ്ഞില്ല. പന്ത് ബ്രൂക്കിന്റെ പാഡിൽ തട്ടിയതോടെ സ്റ്റാർക് അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. ഹാരി ബ്രൂക്കിന് നാല് റൺസ് മാത്രമാണ് നേടാനായത്.
Back in the 𝒔𝒘𝒊𝒏𝒈 of things 🤩
— FanCode (@FanCode) September 21, 2024
Mitchell Starc with an unplayable in-swinging yorker to dismiss English Captain Brook 👌#ENGvAUSonFanCode pic.twitter.com/WoOQZ9izJc
മത്സരത്തിൽ ഓസ്ട്രേലിയ 68 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 44.3 ഓവറിൽ 270 റൺസിൽ എല്ലാവരും പുറത്തായി. എന്നാൽ ഇംഗ്ലണ്ടിന്റെ മറുപടി 40.2 ഓവറിൽ 202 റൺസിൽ അവസാനിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ ഇപ്പോൾ 2-0ത്തിന് മുന്നിലാണ്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് ക്യാരി നേടിയ 74 റൺസ് ബലത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷ് 60 റൺസെടുത്തു. ഓപണർമാരായ മാറ്റ് ഷോർട്ട്, ട്രാവിസ് ഹെഡ് എന്നിവർ 29 റൺസ് വീതവും നേടി. ഇംഗ്ലണ്ട് ബൗളിങ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ബ്രെയ്ഡൻ കാഴ്സാണ് തിളങ്ങിയത്. ആദിൽ റഷീദ്, ജേക്കബ് ബെഥൽ, മാത്യൂ പോട്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് താരങ്ങൾക്കാർക്കും മികവ് കാട്ടാനായില്ല. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ജാമി സ്മിത്താണ് ടോപ് സ്കോറർ. ഓപണർ ബെൻ ഡക്കറ്റ് 32 റൺസെടുത്തു. ആദിൽ റഷീദ് 27, ബ്രെയ്ഡൻ കാഴ്സ് 26, ജേക്കബ് ബെഥൽ 25 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയിലെ മറ്റ് സ്കോറുകൾ. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ്, ആരോൺ ഹാർഡി, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.