ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസ താരം ഹർഭജൻ സിങ്ങിന്റെ പിൻഗാമിയായാണ് താൻ ദേശീയ ടീമിലേക്ക് കടന്നുവന്നതെന്ന് ഓർമിപ്പിച്ച് രവിചന്ദ്രൻ അശ്വിൻ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് അശ്വിന്റെ വാക്കുകൾ. 'ഹർഭജൻ സിങ്ങിന്റെ പിൻഗാമിയാകുക എന്നതായിരുന്നു എന്റെ മുമ്പിലുണ്ടായിരുന്ന വലിയ ദൗത്യം. ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ ഹർഭജനെ അനുകരിച്ചിരുന്നു. എന്നും ഭാജിയുടെ ബൗളിംഗ് എനിക്ക് പ്രോത്സാഹനമായിരുന്നു. എങ്കിലും ഐപിഎല്ലിൽ നിന്ന് വരുന്നതിനാൽ ടെസ്റ്റ് ക്രിക്കറ്റിന് ഞാൻ അനുയോജ്യനാണോയെന്ന് പലരും സംശയിച്ചിരുന്നു.' രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ.
'ക്രിക്കറ്റിൽ ബൗളിംഗ് ആണ് പലപ്പോഴും എനിക്ക് കരുത്തായത്. ബാറ്റിങ്ങിൽ റൺസ് കണ്ടെത്തുക എളുപ്പമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ ശ്രമിച്ചിരുന്നു. ചെന്നൈയിലെ സെഞ്ച്വറി ഏറെ സന്തോഷം നൽകുന്നു. സ്വന്തം നാട്ടുകാർക്ക് മുമ്പിൽ കളിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണ്.' രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും അശ്വിൻ തിളങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ആറിന് 144 എന്ന സ്കോറിൽ തകർന്നപ്പോഴാണ് അശ്വിൻ ക്രീസിലെത്തുന്നത്. 113 റൺസ് നേടി ടോപ് സ്കോററായ അശ്വിന്റെ ഇന്നിംഗ്സ് ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 376 റൺസ് നേടി. പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേട്ടവും ഇന്ത്യൻ ഓൾ റൗണ്ടർ സ്വന്തമാക്കി. അശ്വിനാണ് കളിയിലെ കേമൻ.