ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിൽ അവസരം കാത്തിരിക്കുകയാണ് നിരവധി താരങ്ങൾ. ഇതിൽ പ്രധാനമായും മൂന്ന് താരങ്ങളുടെ പ്രകടനമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തനൂഷ് കോട്യാൻ, അഭിമന്യു ഈശ്വരൻ, അൻഷുൽ കംബോജ് എന്നിവർ ദുലീപ് ട്രോഫി ടൂർണമെന്റിൽ പ്രകടന മികവിൽ ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യത ഉള്ളവരാണ്.
ഇന്ത്യൻ ടീമിൽ നിലവിൽ രവിചന്ദ്രൻ അശ്വിന്റെ പ്രകടനങ്ങളിൽ അതൃപ്തി ഇല്ലെങ്കിലും 38കാരനായ താരത്തിന് പകരക്കാരനെ ഉടനെ കണ്ടെത്തേണ്ടതുണ്ട്. ദുലീപ് ട്രോഫിയിൽ 121 റൺസും 10 വിക്കറ്റുമാണ് കോട്യാന്റെ നേട്ടം. വലം കയ്യൻ ഓഫ് സ്പിന്നറായ കോട്യാൻ ബാറ്റിങ്ങിലും നിർണായക സംഭാവനകൾ നൽകാറുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 503 റൺസും 29 വിക്കറ്റും കോട്യാൻ നേടിയിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് പേസറായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ പേസ് ബൗളർ അൻഷുൽ കംബോജിന്റെ പ്രകടനവും ദുലീപ് ട്രോഫിയിൽ ശ്രദ്ധിക്കപ്പെട്ടു. ടൂർണമെന്റിൽ 16 വിക്കറ്റുകളാണ് കംബോജിന്റെ നേട്ടം. ദുലീപ് ട്രോഫിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും കംബോജ് ആണ്.
ഇന്ത്യ ബി നായകൻ അഭിമന്യു ഈശ്വരനാണ് ദുലീപ് ട്രോഫിയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരം. ടൂർണമെന്റിൽ രണ്ട് സെഞ്ച്വറി ഉൾപ്പടെ 316 റൺസാണ് അഭിമന്യു ഈശ്വരൻ അടിച്ചെടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്നുവെങ്കിലും ഇന്ത്യൻ ടീമിൽ മികവാർന്ന താരങ്ങളുടെ സാന്നിധ്യം അഭിമന്യു ഈശ്വരന് ഇടം കണ്ടെത്താൻ തടസമാവുകയായിരുന്നു.