അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസവിജയം കണ്ടെത്തി ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിൻ്റെ വിജയം കണ്ടെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനെ 169 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക 33 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു.
South Africa reduces the deficit of ODI series loss with victory in last match#AFGvSA #cricket #ODI #CricketTwitter pic.twitter.com/qLdjRxD4cD
— CricketTimes.com (@CricketTimesHQ) September 23, 2024
മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 34 ഓവറിനുള്ളില്‍ 169 റണ്‍സിന് പുറത്തായി. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറിയും 31 റണ്‍സുമായി പുറത്താകാതെ നിന്ന അല്ലാഹ് ഗസന്‍ഫറിന്റെ ചെറുത്തുനില്‍പ്പുമാണ് അഫ്ഗാന് തുണയായത്. ഗുര്‍ബാസ് 94 പന്തില്‍ നിന്ന് 89 റണ്‍സ് അടിച്ചെടുത്തു. നാല് സിക്‌സും ഏഴ് ബൗണ്ടറിയുമാണ് ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഒന്‍പതാമനായി ക്രീസിലെത്തിയ അല്ലാഹ് ഗസാന്‍ഫര്‍ 15 പന്തില്‍ പുറത്താകാതെ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നതോടെ അഫ്ഗാന്‍ 169 റണ്‍സിലെത്തി. അഫ്ഗാന്‍ നിരയില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാലാമനായി ക്രീസിലെത്തിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി മാത്രമാണ് (10) പിന്നീട് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി, എന്‍കാബാ പീറ്റര്‍, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ ഐഡന്‍ മാര്‍ക്രത്തിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം ഉറപ്പിച്ചത്. താരം 67 പന്തില്‍ പുറത്താകാതെ 69 റണ്‍സ് അടിച്ചെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സും 26 റണ്‍സുമായി മാര്‍ക്രത്തിനൊപ്പം പുറത്താകാതെ നിന്നതോടെ ദക്ഷിണാഫ്രിക്ക 33 ഓവറിനുള്ളില്‍ വിജയത്തിലെത്തി. ടോണി ഡി സോര്‍സി (26), ക്യാപ്റ്റന്‍ തെംബ ബവുമ (22), റീസ ഹെന്‍ഡ്രിക്‌സ് (18) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.