ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ടീം നായകൻ പാറ്റ് കമ്മിൻസ്. എല്ലാ ടീമിലും ഒറ്റയ്ക്ക് മത്സരം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന താരങ്ങളുണ്ട്. ഓസ്ട്രേലിയൻ ടീമിൽ അത് ട്രാവിസ് ഹെഡും മിച്ചൽ മാർഷുമാണ്. ഇവർ രണ്ട് പേരുമുണ്ടെങ്കിൽ ആക്രമണ ശൈലിയിൽ കളിക്കാൻ കഴിയും. മറ്റൊരാൾ മോശം ഫോമിലാണെങ്കിൽ അത് പരിഹരിക്കാൻ ഇത്തരത്തിലുള്ള താരങ്ങൾക്ക് സാധിക്കും. റിഷഭ് പന്തിനെപ്പോലൊരാൾക്ക് വ്യത്യസ്തമായ ഷോട്ടുകൾകൊണ്ട് മത്സരഫലത്തെ ഒറ്റയ്ക്ക് മാറ്റിമറിക്കാൻ കഴിയുമെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു.
ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യാസമുള്ള ഷോട്ടുകൾ റിഷഭ് കളിക്കുന്നു. അത് അയാളുടെ ഒരു ഗുണം മാത്രമാണ്. ആധുനിക ക്രിക്കറ്റിൽ വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ എല്ലാവരും ശീലിച്ചുകഴിഞ്ഞു. എന്നാൽ റിഷഭ് പന്ത് അത്തരത്തിലുള്ള ഷോട്ടുകൾ കൂടുതലായി കളിക്കുന്നു. റിഷഭിന്റെ ബാറ്റിങ് ശൈലി അങ്ങനെ തുടരാൻ സാധിക്കട്ടെയെന്നും പാറ്റ് കമ്മിൻസ് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ആശംസിച്ചു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ സെഞ്ച്വറിയോടെ റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ മികച്ച റെക്കോർഡുകളുള്ള പന്തിന്റെ ബോർഡർ ഗാവസ്കർ ട്രോഫി ടൂർണമെന്റിലെ പ്രകടനത്തിനായാണ് ആരാധകർ ഇനി കാത്തിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ 12 ഇന്നിംഗ്സ് കളിച്ച പന്ത് 624 റൺസാണ് നേടിയിട്ടുള്ളത്. 62.40 ആണ് ശരാശരി. പുറത്താകാതെ നേടിയ 159 റൺസാണ് ഉയർന്ന സ്കോർ.