ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ അഭിനന്ദിച്ച് വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തില്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഒരു കിടിലന്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ പന്തിന് സാധിച്ചിരുന്നു.
കാറപകടത്തെ തുടര്‍ന്നുണ്ടായ പരിക്കിനു ശേഷം ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് കുപ്പായത്തിലിറങ്ങിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് സെഞ്ച്വറിയോടെ മടങ്ങിവരവ് ആഘോഷമാക്കുകയായിരുന്നു. ഇപ്പോള്‍ പന്തിന്റെ തിരിച്ചുവരവിനെ കുറിച്ചും പ്രകടനത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് അശ്വിന്‍.
'റിഷഭ് പന്തിന്റെ ഫോമും കഴിവും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അദ്ദേഹം തിരിച്ചുവന്ന് തന്നെത്തന്നെ പുറത്തെടുത്ത രീതി അത്ഭുതപ്പെടുത്തുന്നതാണ്. ഒരുപക്ഷേ അദ്ദേഹത്തെ ദൈവം അയച്ചതാവാം,' മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്വിന്‍ പ്രതികരിച്ചു.
പന്തിന്റെ കഴിവുകളിലുള്ള തന്‍റെ വിശ്വാസത്തെക്കുറിച്ചും അശ്വിന്‍ തുറന്നുപറഞ്ഞു. 'അദ്ദേഹത്തിന്റെ കഴിവില്‍ എനിക്ക് ഒരിക്കലും സംശയിക്കേണ്ടി വന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പന്തിന്റെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കലും അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം കുറഞ്ഞിരുന്നില്ല. ടീം അംഗങ്ങളുടെ പിന്തുണ എപ്പോഴും പന്തിനൊപ്പമുണ്ടായിരുന്നു', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ക്രീസിലെത്തിയ റിഷഭ് പന്തിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറികളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സെഞ്ച്വറി നേടിയതിന് പിന്നാലെ റിഷഭ് പന്ത് പുറത്തായിരുന്നു. 128 പന്തില്‍ നാല് സിക്‌സും 13 ബൗണ്ടറിയും സഹിതം 109 റണ്‍സ് അടിച്ചുകൂട്ടിയ പന്തിനെ മെഹിദി ഹസന്‍ സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. ടീം സ്‌കോര്‍ 230 കടത്തി 56-ാം ഓവറിലാണ് പന്ത് പുറത്തായത്.