ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 280 റണ്‍സ് വിജയത്തില്‍ ഇരുതാരങ്ങളുടെയും ഓള്‍റൗണ്ട് നികവ് നിര്‍ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെയും ജഡേജയെയും പ്രശംസിച്ച് കമ്രാന്‍ രംഗത്തെത്തിയത്. ഇരുതാരങ്ങളും ഇല്ലാതെ ഹോം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്ലേയിങ് ഇവലന്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്രാന്‍ അഭിപ്രായപ്പെടുന്നത്.
'ബംഗ്ലാദേശിനെതിരെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിന്‍ കാഴ്ച വെച്ചത്. അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും വീഴ്ത്തുകയും ചെയ്തു. അശ്വിനുമായി ഒരു മാച്ച് വിന്നിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ജഡേജയ്ക്കും സാധിച്ചു. ഈ രണ്ട് താരങ്ങള്‍ ഇല്ലാതെ ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പ്ലേയിങ് ഇലവനെ രൂപീകരിക്കാനാവില്ല. അവര്‍ വലിയ പ്രകടനം കാഴ്ച വെക്കുന്നവരാണ്', കമ്രാന്‍ അക്മല്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അശ്വിന്റെയും ജഡേജയും കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ബംഗ്ലാദേശിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും അശ്വിന്‍ തിളങ്ങി. 133 പന്തില്‍ 113 റണ്‍സ് അടിച്ചെടുത്ത അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ജഡേജ 86 റണ്‍സ് നേടിയതും ഇന്ത്യയ്ക്ക് ലീഡ് സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിങ്ങിലും തിളങ്ങി.