ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി സമ്മാനിച്ച ബാറ്റ് ഒരിക്കലും കളിക്കാന്‍ ഉപയോഗിക്കില്ലെന്ന് യുവ പേസ് ബൗളര്‍ ആകാശ് ദീപ് സിങ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആകാശ് ദീപിന് റോയല്‍ ചലഞ്ചേഴ്സില്‍ തന്റെ സഹതാരം കൂടിയായ കോഹ്ലി ബാറ്റ് സമ്മാനിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തനിക്ക് ലഭിച്ച സമ്മാനിച്ച കഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് യുവതാരം.
'വിരാട് ഭയ്യ തന്നെയാണ് എനിക്ക് ആ ബാറ്റ് സമ്മാനിച്ചത്. എന്റെ ബാറ്റിങ്ങില്‍ എന്തെങ്കിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവും. ബാറ്റുവേണമെന്ന് ഞാന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം എന്റെ അടുത്തുവന്ന് നിനക്ക് ബാറ്റുവേണോ എന്ന് ചോദിക്കുകയായിരുന്നു. വിരാട് കോഹ്ലിയില് നിന്ന് ബാറ്റ് ലഭിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹം ഒരു ഇതിഹാസ താരമാണ്', ആകാശ് ദീപ് പറഞ്ഞു.
'കോഹ്ലിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ബാറ്റിങ്ങിനിടെ ഏത് തരം ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വാക്കുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പുഞ്ചിരിച്ചു. ഇത് എടുത്തോയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് തന്നു. ഞാന്‍ ഒരിക്കലും ആ ബാറ്റ് ഉപയോഗിച്ച് കളിക്കില്ല. വിരാട് ഭയ്യ എനിക്ക് തന്ന വലിയ സമ്മാനമാണത്. ഞാനത് എന്റെ മുറിയില്‍ സുവനീറായി സൂക്ഷിക്കും. ആ ബാറ്റില്‍ എനിക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കിട്ടിയിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പ് വിരാട് തന്റെ ബാറ്റ് റിങ്കു സിങ്ങിനും വിജയകുമാർ വൈശാഖിനുമല്ലാം ഗിഫ്റ്റ് നൽകിയത് വാർത്തയായിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് മുന്നെ നടന്ന ക്യാമ്പിനിടെയായിരുന്നു കോഹ്ലി ആകാശിന് ബാറ്റ് സമ്മാനിച്ചത്. ആകാശ് ദീപ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞത്. കോഹ്ലിയുടെ എംആര്‍എഫ് ബാറ്റുമായി നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'താങ്ക്യൂ ഭയ്യാ' എന്നാണ് ആകാശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബംഗ്ലാദേശിനെതിരെ മിന്നും പ്രകടനം കാഴ്ച വെക്കാനും ആകാശിന് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ 17 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കിയ ആകാശ് രണ്ടാം ഇന്നിങ്സില്‍ ആറ് ഓവര്‍ എറിഞ്ഞ് 20 റണ്‍സ് വിട്ടുകൊടുക്കുകയായിരുന്നു.