ഇംഗ്ലണ്ട് ക്രിക്കറ്റ് ഏകദിന ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ച് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഏകദിന, ട്വന്റി 20 ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ബ്രണ്ടൻ മക്കല്ലം വിളിച്ചാൽ തിരിച്ചെത്തുമെന്നാണ് സ്റ്റോക്സിന്റെ വാക്കുകൾ. ഏകദിന ക്രിക്കറ്റ് ഇപ്പോൾ പുതിയൊരു പാതയിലാണ്. കഴിവുള്ള ഒരുപാട് താരങ്ങൾ ഇപ്പോഴുണ്ട്. പുതിയ രീതികൾക്കൊപ്പം ഭാഗമാകാൻ കഴിഞ്ഞാൽ അത് ഭാഗ്യമാണെന്നും സ്റ്റോക്സ് പറഞ്ഞു.
2022ലാണ് ഏകദിന ക്രിക്കറ്റിൽ നിന്നും സ്റ്റോക്സ് വിരമിച്ചത്. മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കാൻ കഴിയില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഏങ്കിലും കഴിഞ്ഞ ഏകദിന ലോകകപ്പിൽ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീം തിരിച്ചുവിളിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രകടനം ഏറെ മോശമായി. പിന്നാലെ കാൽമുട്ടിന് പരിക്കുണ്ടായിരുന്ന സ്റ്റോക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
വെസ്റ്റ് ഇൻഡീസിനെതിരെ ഒക്ടോബർ 31നാണ് ഇംഗ്ലണ്ടിന്റെ അടുത്ത ഏകദിന പരമ്പര ആരംഭിക്കുന്നത്. പിന്നാലെ അടുത്ത വർഷം ആദ്യം ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ട് സംഘം ഏകദിന ക്രിക്കറ്റ് കളിക്കും. സ്റ്റോക്സിനെ ഏകദിന ടീമിലേക്ക് വീണ്ടും തിരിച്ചുവിളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് പദ്ധതിയിടുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിയിലെ വിജയമാണ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ മനസിലുള്ളത്.