ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിര്‍പൂരില്‍ നടക്കാനിരിക്കുന്ന മത്സരമായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് അറിയിച്ചു. 2024 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്നും ഷാക്കിബ് പ്രഖ്യാപിച്ചു.
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് 37കാരനായ ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 'മിര്‍പൂരില്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കണമെന്ന ആഗ്രഹം ഞാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് മിര്‍പൂരില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റ് മത്സരത്തോടെ ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കും. എന്റെ അവസാനത്തെ ടി20 മത്സരവും ഞാന്‍ കളിച്ചുകഴിഞ്ഞു', ഷാക്കിബ് പറഞ്ഞു.
SHAKIB AL HASAN ANNOUNCES TEST RETIREMENT.
— Mufaddal Vohra (@mufaddal_vohra) September 26, 2024
- Shakib to retire from Test cricket after the Test match against South Africa in Mirpur. pic.twitter.com/g4DTAkxF9v
2007ല്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന് വേണ്ടി 70 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഷാക്കിബ് മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. 70 മത്സരങ്ങളില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 4600 റണ്‍സാണ് ഷാക്കിബ് അടിച്ചുകൂട്ടിയിട്ടുള്ളത്. ടെസ്റ്റില്‍ 242 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
2006ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഷാക്കിബ് ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ 2024 ലോകകപ്പ് വരെ 129 ടി20 മത്സരങ്ങളില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 13 അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പടെ 2551 റണ്‍സും 149 വിക്കറ്റും ഷാക്കിബിന്റെ പേരിലുണ്ട്.
ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയില്‍ അംഗമായ ഷാക്കിബ് ധാക്കയില്‍ നടന്ന കൊലപാതകക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി റൂബല്‍ എന്ന യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബ് കുറ്റാരോപിതനായത്. പിന്നാലെ ഷാക്കിബിനെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഷാക്കിബിന്റെ കൊലപാതക കുറ്റം തെളിയുന്നത് വരെ ടീമില്‍ തുടരാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.