കഴിഞ്ഞ ദിനമായിരുന്നു സൗത്താഫ്രിക്ക കണ്ട ഏറ്റവും മികച്ച നായകരിലൊരാളായിരുന്ന ഹാൻസി ക്രോണ്യയുടെ ജന്മദിനം. 1969 സെപ്തംബർ 25 ന് ബ്ലൂംഫൊണ്ടെയിനിലായിരുന്നു ക്രോണ്യ ജനിച്ചത്. ഈയിടെയുള്ള സൗത്താഫ്രിക്കയുടെ പ്രകടനത്തിലെ അസ്ഥിരതയും ശനിദശയും തുടരുമ്പോൾ ഒരു വേള ക്രിക്കറ്റ് ആരാധകരുടെ മനസിൽ 90 കളിലെ മധ്യപാദം തൊട്ട് 2000 വരെ അപ്രമാദിത്തരായ അവരുടെ ടീമിനെ ഓർമയിൽ വന്നേക്കാം. അവിടെ അവർക്ക് നെഞ്ചുറപ്പോടെ നിന്ന ഒരു ക്യാപ്റ്റനുണ്ടായിരുന്നു. ഹാൻസി ക്രോണ്യ.
കൊടി കുത്തിയ ബാറ്റ്സ്മാനോ ബോളറോ ഓൾ റൗണ്ടറോ ഒന്നുമല്ലായിരുന്നെങ്കിലും ആ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ക്യാപ്റ്റൻമാരിലൊരാളായിരുന്നു ഹാൻസി. പിന്നീട് കോഴ വിവാദത്തിൽ പെട്ട് രാജ്യത്തിന്റെയും ക്രിക്കറ്റിന്റെയും മുടിയനായ പുത്രനായി മാറിയെങ്കിലും ക്യാപ്റ്റൻസി മികവുകളിൽ ഹാൻസി കാഴ്ചവെച്ച മികവ് പിന്നീട് മറ്റൊരു സൗത്താഫ്രിക്കൻ ക്യാപ്റ്റനും ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
സൗത്താഫ്രിക്ക മാത്രമല്ല, 90 കളിൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാളായാണ് ഹാൻസി ക്രോണ്യ അറിയപ്പെടുന്നത്. സഞ്ജയ് ചാവ്ല എന്ന മാച്ച് ഫിക്സറുമായുള്ള വാതുവെപ്പ് സംഭാഷണങ്ങൾ 2000 ത്തിൽ പുറത്തു വരുന്നതിനു മുമ്പ് സൗത്താഫ്രിക്കൻ ക്രിക്കറ്റിലെ ഒരുപിടി മികച്ച താരങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. ബാറ്റിങ്ങിൽ ആൻഡ്രു ഹഡ്സണും ഗാരി കേസ്റ്റണും ഹെർഷലെ ഗിബ്സും ഡാരിൽ കള്ളിനനും ബൗളിങ്ങിൽ അലൻ ഡൊണാൾഡും ഫാനി ഡിവില്ലേഴ്സും ഷോൺ പൊള്ളോക്കും ആഡംസും തിളങ്ങി നിന്നപ്പോൾ അവർക്ക് മുന്നിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ ഏത് ടീമിനെയും തകർക്കാൻ മാത്രമുള്ള നെഞ്ചുറപ്പുമായി ക്രോണ്യ ഗ്രൗണ്ടിലേക്കിറങ്ങി.
സ്കൂൾ കാലഘട്ടത്തിലേ ക്യാപ്റ്റൻസി ഹാൻസിയിലേക്ക് വന്നു ചേരുകയായിരുന്നു. ബ്ലൂംഫൊണ്ടെയിനിൽ പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ സ്കൂൾ ടീമിന്റെ റഗ്ബി, ക്രിക്കറ്റ് കോച്ചായിരുന്നു അദ്ദേഹം. 1992 ലോകകപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. മഴനിയമങ്ങൾ വില്ലനായപ്പോൾ, സെമിയിൽ സൗത്താഫ്രിക്ക ആ ലോകകപ്പിൽ നിന്ന് കരഞ്ഞു കൊണ്ട് പുറത്തായപ്പോൾ തരക്കേടില്ലാത്ത പ്രകടനങ്ങളോടെ ഹാൻസിയുടെ ഓൾ റൗണ്ട് പ്രകടനങ്ങൾ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാനും തുടങ്ങി.
1996- 97 കാലഘട്ടത്തിലാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റത്. ക്രോണ്യയുടെ ക്യാപ്റ്റൻസി സൗത്താഫ്രിക്കയുടെ സുവർണ കാലഘട്ടം കൂടിയായിരുന്നു.
ക്രോണ്യയുടെ ക്യാപ്റ്റൻസി റെക്കോർഡുകൾ കാണാം:
ക്രോണ്യയുടെ ക്യാപ്റ്റൻസിയിൽ സൗത്താഫ്രിക്ക ജയിച്ചത് 27 ടെസ്റ്റുകൾ. ആസ്ത്രേലിയ ഒഴിച്ച് എല്ലാ രാജ്യങ്ങൾക്കെതിരെയും സീരീസ് വിജയങ്ങൾ.
ക്യാപ്റ്റനായ 138 ഏകദിനങ്ങളിൽ 99 വിജയങ്ങൾ. വിജയ ശരാശരി 73.70.
തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിന മത്സരത്തിൽ ക്യാപ്റ്റനായി കളിച്ച താരം. - 130 മത്സരങ്ങൾ.
2002 ജൂൺ ഒന്നിനാണ് ഒരു വിമാനാപകടത്തിൽ അദ്ദേഹം മരണമടയുന്നത്. അന്ന് അദ്ദേഹത്തിന് വെറും 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ വാതുവെപ്പ് കാലഘട്ടമില്ലായിരുന്നെങ്കിൽ ഹാൻസി ക്രോണ്യ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വിരമിച്ചേനെ എന്ന് കരുതുന്നവരാണേറെയും.