ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്താനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. കഴിഞ്ഞ സീസണിലെ വമ്പന്‍ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തില്‍ ഐപിഎല്ലില്‍ കന്നികിരീടമെന്ന വലിയ ലക്ഷ്യത്തിലേക്ക് കച്ച കെട്ടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആരാധകരെ ഇനിയും നിരാശയിലാഴ്ത്തരുതെന്ന വലിയ ദൗത്യം മുന്നിലുള്ള കോഹ്‌ലിപ്പട ഇത്തവണ വ്യക്തമായ പ്ലാനോടു കൂടിയായിരിക്കും ഇറങ്ങുക എന്ന് തീര്‍ച്ചയാണ്.
മെഗാ താരലേലത്തിന് മുന്നോടിയായി ആര്‍സിബി ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തും ആരെയെല്ലാം കൈവിടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാല്‍പ്പതുകാരനായ നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ആര്‍സിബി കൈയൊഴിഞ്ഞേക്കുമെന്നാണ് സൂചന. ഇതോടെ ആർസിബിയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ തിരിച്ചെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ആര്‍സിബി കൈവിടാനാണ് സാധ്യത. അടുത്ത സീസണിലേക്ക് ബെംഗളൂരു നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരെല്ലാമാണെന്ന് നോക്കാം
വിരാട് കോഹ്‌ലി:
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ മുന്നിലുള്ളത് ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരത്തിനുള്ള സാധ്യത പോലുമില്ല. ആര്‍സിബിയുടെ നമ്പര്‍ വണ്‍ പിക്ക് എക്കാലവും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. ഫ്രാഞ്ചൈസിയുടെ പര്യായമായി മാറിയ താരമാണ് കോഹ്‌ലി.
ഐപിഎല്‍ 2024 സീസണില്‍ 741 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു കോഹ്‌ലി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മതിയാക്കിയെങ്കിലും ആര്‍സിബിക്ക് വേണ്ടി കോഹ്‌ലിക്ക് ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. കോഹ്‌ലിക്കൊപ്പം ആര്‍സിബി ഒരു ഐപിഎല്‍ കിരീടം നേടുകയെന്നത് ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ്.
വില്‍ ജാക്‌സ്:
കഴിഞ്ഞ സീസണില്‍ ആര്‍സിബി പ്ലേ ഓഫിലെത്തിയതില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടറായ വില്‍ ജാക്‌സിന്റെ പ്രകടനത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. രജത് പടിദാറിനൊപ്പം വില്‍ ജാക്‌സ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചിരുന്നു. മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്നതിലുപരി പന്തുകൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ജാക്‌സിന് സാധിക്കും. അതുകൊണ്ട് തന്നെ ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ വില്‍ ജാക്‌സ് ആവാന്‍ സാധ്യതയുണ്ട്.
രജത് പടിദാര്‍:
കഴിഞ്ഞ സീസണില്‍ ആര്‍സിബി നടത്തിയ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് രജത് പടിദാര്‍. മധ്യനിരയില്‍ പടിദാറിന്റെ സ്ഥിരതയാര്‍ന്ന സംഭാവനകള്‍ ആര്‍സിബിയെ വിജയങ്ങളിലേക്ക് നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയില്‍ പടിദാറും ഇടംപിടിച്ചേക്കാം.
മുഹമ്മദ് സിറാജ്:
ഫ്രാഞ്ചൈസിയുടെ പ്രധാന പേസര്‍. കോഹ്‌ലിക്കൊപ്പം തന്നെ ആര്‍സിബിയുടെ പ്രധാന താരങ്ങളിലൊരാളാണ് മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത ഉയരാന്‍ സാധിച്ചില്ലെങ്കിലും ആര്‍സിബി ഇത്തവണയും താരത്തെ പിന്തുണയ്ക്കാനാണ് സാധ്യത.
യഷ് ദയാല്‍:
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായിരുന്ന താരമാണ് യഷ് ദയാല്‍. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കൂടുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും കളിക്കളത്തില്‍ തന്നെ മറുപടി നല്‍കാന്‍ യഷിന് സാധിക്കുകയും ചെയ്തു. അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പ്ലേ ഓഫില്‍ കയറിയ ആര്‍സിബിക്ക് നിര്‍ണായകമായത് യഷ് എറിഞ്ഞ അവസാന ഓവറുകളായിരുന്നു.