ധോണി 2025 ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് വേണ്ടി ഇറങ്ങുമോ?; അനിശ്ചിതത്വം തുടരുന്നു

2025 ഐപിഎല്‍ കളിക്കാന്‍ തയ്യാറായാല്‍ സിഎസ്‌കെ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ഒരാള്‍ ധോണിയായിരിക്കുമെന്ന് ഉറപ്പാണ്

dot image

ഇതിഹാസതാരം എം എസ് ധോണി 2025 ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിന് മുമ്പായി ധോണി അടക്കമുള്ള അഞ്ച് താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ സിഎസ്‌കെ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനിടയില്‍ സിഎസ്‌കെയുടെ മുന്‍ നായകനായ ധോണി ടീമിന്റെ മെന്റര്‍ റോളില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സിഎസ്‌കെയുടെ സിഇഒ കാശി വിശ്വനാഥന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ടീമില്‍ ധോണിയുടെ ഭാവിയെ കുറിച്ച് തീരുമാനം അദ്ദേഹം തന്നെ എടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെ കേള്‍ക്കാനാണ് സിസ്‌കെയും ആഗ്രഹിക്കുന്നതെന്നാണ് ഫ്രാഞ്ചൈസിയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. 'ടീമില്‍ ധോണിയുടെ ഭാവിയെ കുറിച്ച് അദ്ദേഹത്തില്‍ നിന്ന് തന്നെ കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണത്തെ സംബന്ധിച്ച് ബിസിസിഐ ഔപചാരികമായ തീരുമാനമെടുത്താല്‍ ഞങ്ങള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കും', സിഎസ്‌കെയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു.

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് നിലനിര്‍ത്തേണ്ട താരങ്ങളുടെ എണ്ണം നിലവില്‍ അഞ്ചായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മെഗാ താരലേലത്തില്‍ ഇത് നാലെണ്ണമായിരുന്നു. മെഗാ ലേലത്തില്‍ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡുകള്‍ അനുവദിക്കില്ല. കൂടാതെ പരമാവധി രണ്ട് വിദേശ കളിക്കാരെ നിലനിര്‍ത്താനും കഴിയും. എന്നാലും ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണം വന്നിട്ടില്ല.

2025 ഐപിഎല്‍ കളിക്കാന്‍ തയ്യാറായാല്‍ സിഎസ്‌കെ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ഒരാള്‍ ധോണിയായിരിക്കുമെന്ന് ഉറപ്പാണ്. ധോണിയെ കൂടാതെ റുതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീഷ പതിരാന എന്നീ താരങ്ങളെയും നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്നാണ് സൂചന. ദീപക് ചഹര്‍, ഡെവോണ്‍ കോണ്‍വേ, മഹീഷ് തീക്ഷണ, ഡാരല്‍ മിച്ചല്‍ എന്നിവര്‍ക്ക് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇടമില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

മുമ്പ് മഹേന്ദ്ര സിം​ഗ് ധോണിയെ ടീമിൽ നിലനിർത്താനായി ബിസിസിഐ നിയമം കൊണ്ടുവരണമെന്ന് ചെന്നൈ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായവരെ ആഭ്യന്തര താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ചെന്നൈയുടെ ആവശ്യം. അങ്ങനെയെങ്കിൽ എം എസ് ധോണിയെ കുറഞ്ഞ തുകയ്ക്ക് ചെന്നൈയ്ക്ക് നിലനിർത്താൻ കഴിയും. 2021 ലെ ഐപിഎല്ലിന് മുമ്പായാണ് ഈ നിയമം ബിസിസിഐ ഒഴിവാക്കിയത്. വീണ്ടും ഈ നിയമം കൊണ്ടുവരുമോയെന്നതിൽ ബിസിസിഐ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാലേലം നവംബറിലോ ഡിസംബറിലോ ഉണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഓരോ ടീമിനും അഞ്ച് താരങ്ങളെ വരെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മിനി താരലേലം മതിയെന്നാണ് ചില ടീമുകൾ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.

dot image
To advertise here,contact us
dot image