മെഗാതാരലേലത്തിന് മുന്‍പ് ചാമ്പ്യന്മാർക്ക് തിരിച്ചടി; പ്രമുഖ താരങ്ങളെ റിലീസ് ചെയ്യാന്‍ കെകെആര്‍

കൊല്‍ക്കത്ത നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ആദ്യത്തെ പേര് ശ്രേയസ് അയ്യര്‍ തന്നെയായിരിക്കും.

dot image

ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. വരാനിരിക്കുന്ന ലേലത്തിനായി ഫ്രാഞ്ചൈസിക്ക് കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖ കളിക്കാരെ റിലീസ് ചെയ്യേണ്ടതുണ്ട്. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കെകെആറിന് ഇത് വളരെ പ്രയാസം സൃഷ്ടിച്ചേക്കും.

ഐപിഎല്‍ മെഗാതാരലേലം നടക്കാനിരിക്കേ എത്ര താരങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ടീമുകള്‍. ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാലേ ടീമുകള്‍ക്ക് ഒഴിവാക്കേണ്ട താരങ്ങളുടെയും പുതുതായി സ്വന്തമാക്കേണ്ട താരങ്ങളുടെയും കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂ. ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്നാണ് നിലവിലെ സൂചനകള്‍. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശതാരങ്ങളെയും ഉള്‍പ്പെടുത്താം.

കൊല്‍ക്കത്ത നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ആദ്യത്തെ പേര് ശ്രേയസ് അയ്യര്‍ തന്നെയായിരിക്കും. ടീമിന്റെ കരുത്തുറ്റ മധ്യനിര ബാറ്ററായ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയിലാണ് കൊല്‍ക്കത്ത 2024 ഐപിഎല്‍ ചാമ്പ്യന്മാരായത്. ശ്രേയസിന് പുറമെ റിങ്കു സിങ്ങിനെയും കൊല്‍ക്കത്ത നിലനിര്‍ത്തിയേക്കും. ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് റിങ്കു. മൂന്നാമത്തെ ഇന്ത്യന്‍ താരമായി ഹര്‍ഷിത് റാണയെയും കെകെആര്‍ നിലനിര്‍ത്തിയേക്കും. കഴിഞ്ഞ സീസണില്‍ മികച്ച ബൗളിങ്ങാണ് ഹര്‍ഷിത് പുറത്തെടുത്തത്.

അതേസമയം രണ്ട് വിദേശതാരങ്ങളെ മാത്രം നിലനിര്‍ത്താന്‍ ബിസിസിഐ അനുമതി നല്‍കുന്ന സാഹചര്യമുണ്ടായാല്‍ കെകെആറിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കാരണം ഒറ്റയ്ക്ക് മത്സരം വിജയിക്കാന്‍ കെല്‍പ്പുള്ള ഒരുപിടി വിദേശതാരങ്ങള്‍ കൊല്‍ക്കത്തയുടെ തട്ടകത്തിലുണ്ട്. ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, റഹ്‌മാനുള്ള ഗുര്‍ബാസ്, ഫില്‍ സാള്‍ട്ട് എന്നിവര്‍ കെകെആറിന്റെ ശക്തരായ വിദേശതാരങ്ങളാണ്.

രണ്ട് വിദേശതാരങ്ങളെ മാത്രം നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍ കെകെആറിന് സുനില്‍ നരെയ്‌നെയും ആന്ദ്രേ റസലിനെയും നിലനിര്‍ത്തേണ്ടിവരും. കെകെആറിന്റെ നെടുംതൂണായ താരമാണ് സുനില്‍ നരെയ്ന്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും നരെയ്ന്‍ മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2024 ഐപിഎല്ലിലെ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട നരെയ്‌നെ വിട്ടയയ്ക്കുകയെന്ന് കെകെആര്‍ ഒരിക്കലും ചിന്തിക്കില്ല എന്ന് ഉറപ്പാണ്. നരെയ്‌നെ പോലെ തന്നെ റസലും ടീമിന് നിര്‍ണായകമാണ്. പൂര്‍ണമായും ഫിറ്റല്ലെങ്കിലും കൊല്‍ക്കത്ത റസലിനെയും നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ഫില്‍ സാള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരെ കെകെആറിന് വിട്ടയയ്‌ക്കേണ്ടിവരും. ലേലത്തില്‍ ഈ താരങ്ങളെ തിരിച്ചെത്തിക്കാന്‍ കൊല്‍ക്കത്ത ശ്രമിക്കുമെന്നാണ് കരുതുന്നത്.

dot image
To advertise here,contact us
dot image