ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാതാരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ നിലനിർത്താൻ രാജസ്ഥാൻ റോയൽസ്. മലയാളി താരവും ടീം നായകനുമായ സഞ്ജു സാംസൺ രാജസ്ഥാൻ നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലുണ്ട്. എങ്കിലും പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ടീം ഡയറക്ടർ കുമാർ സംഗക്കാരയുടെയും നിലപാടുകൾ ഇക്കാര്യത്തിൽ നിർണായകമാകും.
ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിലനിർത്താൻ ആഗ്രഹിക്കുന്ന മറ്റൊരു താരം. ഇന്ത്യയുടെ ഭാവിതാരമായി കരുതുന്ന ജയ്സ്വാൾ ഇതിനകം വെടിക്കെട്ട് ബാറ്റിങിനാൽ ശ്രദ്ധ നേടിക്കഴിഞ്ഞു. താരലേലത്തിന് ഇറക്കികഴിഞ്ഞാൽ ജയ്സ്വാളിനെ സ്വന്തമാക്കാൻ നിരവധി ടീമുകളും രംഗത്തെത്തിയേക്കും. റിയാന്‍ പരാഗാണ് രാജസ്ഥാന് നിലനിര്‍ത്താനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണിൽ ഏറെ മികച്ച പ്രകടനമാണ് പരാഗ് പുറത്തെടുത്തത്.
വിദേശ താരങ്ങളിൽ ജോസ് ബട്ലറെയും ട്രെൻഡ് ബോൾട്ടിനെയും നിലനിർത്തുകയാകും രാജസ്ഥാന്റെ ലക്ഷ്യം. ഇരുവരും രാജസ്ഥാൻ നിരയിൽ ഒഴിച്ചുകൂടാനാകാത്ത താരങ്ങളാണ്. എന്നാൽ സ്പിന്നർ യൂസേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവരെ ടീമിൽ നിലനിർത്താൻ രാജസ്ഥാന് കഴിഞ്ഞേക്കില്ല. പുതിയ സീസണിലേക്ക് മികച്ച ടീമിനെയൊരുക്കുകയാണ് രാജസ്ഥാന് മുന്നിലുള്ള വെല്ലുവിളി.