ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് പോകുമെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത്. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു പോസ്റ്റിൽ റിഷഭ് പന്ത് റോയൽ ചലഞ്ചേഴ്സിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ വിരാട് കോഹ്‍ലി ഇത് തടഞ്ഞുവെന്നുമായിരുന്നു പോസ്റ്റിലെ പ്രചാരണം. ഇന്ത്യൻ ടീമിലെ അസ്വസ്ഥകൾ കോഹ്‍ലി ഐപിഎല്ലിലും നടപ്പിലാക്കുകയാണെന്നും രാജീവ് എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ആരോപിക്കുന്നു.
ഈ പോസ്റ്റിന് താഴെയാണ് റിഷഭ് പന്ത് കമന്റുമായി എത്തിയത്. വ്യാജ വാർത്തയാണിത്. 'എന്തിനാണ് നിങ്ങൾ ഇത്തരം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. നാം വിവേകത്തോടെ പെരുമാറണം. ഇത്തരം വ്യാജപ്രചരണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇതാദ്യമായല്ല ഇത്തരം പ്രചാരണങ്ങൾ ഞാൻ എതിർക്കുന്നത്. ഇതൊരുപക്ഷേ അവസാനത്തേതും ആയിരിക്കില്ല. നിങ്ങളുടെ വാർത്താകേന്ദ്രങ്ങൾ വീണ്ടും പരിശോധിക്കുക. ഓരോദിവസവും ഇത് വളരെ മോശമായി തുടരുകയാണ്. ഒരുപാട് ആളുകൾക്ക് ഇത് തെറ്റിദ്ധാരണയ്ക്ക് കാരണാമാകുന്നു.' റിഷഭ് പന്ത് പ്രതികരിച്ചത് ഇങ്ങനെ.
Fake news . Why do you guys spread so much fake news on social media. Be sensible guys so bad . Don’t create untrustworthy environment for no reason. It’s not the first time and won’t be last but I had to put this out .please always re check with your so called sources. Everyday…
— Rishabh Pant (@RishabhPant17) September 26, 2024
അതിനിടെ ഐപിഎല്ലിന്റെ മെഗാലേലത്തിന് മുമ്പായി ഓരോ ടീമുകൾക്കും നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണം ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും. ഓരോ ടീമുകൾക്കും അഞ്ച് താരങ്ങളെ വരെ നിലനിർത്താൻ കഴിയുമെന്നാണ് സൂചന. അതിൽ എത്ര ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താൻ കഴിയുമെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.