ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‍ലിയുടെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ പടർത്തുന്ന വാർത്തകളാണ് ഇന്ത്യൻ പരിശീലന ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. നെറ്റ്സിൽ പരിശീലനത്തിനിടെ ജസ്പ്രീത് ബുംമ്രയുടെ 15 പന്തുകൾ നേരിട്ട കോഹ്‍ലി നാല് തവണയാണ് പുറത്തായത്. തുടർച്ചയായി ബാറ്റിങ്ങിൽ വിഷമിച്ച കോഹ്‍ലിയോട് നിങ്ങൾ ബാറ്റിങ്ങിൽ ബുദ്ധിമുട്ടുകയാണെന്ന് ബുംമ്ര പറഞ്ഞു. പിന്നാലെ ഓഫ്സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകൾ കളിക്കാനായി കോഹ്‍ലിയുടെ ശ്രമം. ഇതോടെ ബുംമ്ര ലൈനിലും ലെങ്തിലും മാറ്റം വരുത്തി.
ലെഗ് സ്റ്റമ്പ് ലൈനിലായിരുന്നു പിന്നീട് ബുംമ്രയുടെ പന്തുകൾ വന്നത്. വീണ്ടും കോഹ്‍ലി ബാറ്റിങ്ങിൽ ബുദ്ധിമുട്ടിയപ്പോൾ ഇങ്ങനാണെങ്കിൽ നിങ്ങൾ ഷോട്ട് ലെഗിൽ ക്യാച്ച് നൽകി വിക്കറ്റ് നഷ്ടപ്പെടുത്തുമെന്ന് ഓർമിപ്പിച്ചു. പിന്നാലെ സ്പിന്നർമാരെ നേരിട്ടപ്പോഴും കോഹ്‍ലി ബാറ്റിങ്ങിൽ ബുദ്ധിമുട്ടി. അവസാന പന്തിൽ അക്സർ പട്ടേൽ കോഹ്‍ലിയെ ക്ലീൻ ബൗൾഡാക്കി. പിന്നാലെ ശുഭ്മൻ ഗില്ലിന് പരിശീലനത്തിനായി കോഹ്‍ലി മാറികൊടുക്കുകയും ചെയ്തു.
📍 Kanpur#TeamIndia hit the ground running ahead of the 2nd #INDvBAN Test 🙌@IDFCFIRSTBank pic.twitter.com/EMPiOa8HII
— BCCI (@BCCI) September 26, 2024
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് നാളെയാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‍ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിംഗ്സിലായി 23 റൺസ് മാത്രമാണ് സൂപ്പർതാരത്തിന് നേടാനായത്.