ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. അടുത്തിടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്രാവോ ക്രിക്കറ്റ് മതിയാക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. വൈകാരികമായ കുറിപ്പിലൂടെ തന്റെ ജീവിതവും കരിയറും നിര്‍വചിച്ച ക്രിക്കറ്റിന് താരം നന്ദി പറയുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ക്രിക്കറ്റിനോട്,
എനിക്ക് എല്ലാം തന്ന കളിയോട് വിട പറയുന്ന ദിവസമാണ് ഇന്ന്. കുട്ടിക്കാലം മുതലേ ക്രിക്കറ്റാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമായിരുന്നു. ഇതാണ് ഞാന്‍ കളിക്കാന്‍ വിധിക്കപ്പെട്ട കായികവിനോദം. മറ്റൊന്നിലും എനിക്ക് താത്പ്പര്യമുണ്ടായിരുന്നില്ല. എന്റെ ജീവിതം മുഴുവനും ഞാന്‍ ക്രിക്കറ്റിന് വേണ്ടി സമര്‍പ്പിച്ചു. പകരമായി ഞാന്‍ സ്വപ്‌നം കണ്ട ജീവിതം എനിക്ക് ക്രിക്കറ്റ് തന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
പ്രൊഫഷണല്‍ ക്രിക്കറ്റ് താരമായി 21 വര്‍ഷങ്ങള്‍… അതൊരു മഹത്തരമായ യാത്രയായിരുന്നു. എന്റെ സ്വപ്നങ്ങൾക്കൊത്ത് ജീവിക്കാൻ കഴിഞ്ഞു. വേദനകളും തളർച്ചകളുമൊക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും എന്റെ ടീമിനെ കൂടെ കളിച്ചവരെയോ തളരാൻ ഞാനനുവദിച്ചിട്ടില്ല. എല്ലാവർക്കും നന്ദി. ജീവിതത്തിലെ അടുത്ത ചാപ്റ്ററിനൊരുങ്ങുകയാണ്.
ബ്രാവോ കുറിച്ചത് ഇങ്ങനെ.
ദേശീയ ടീമിനും വിവിധ ഫ്രാഞ്ചൈസികള്‍ക്കുമായി 582 ടി20 മത്സരങ്ങളില്‍ നിന്ന് 631 വിക്കറ്റുകള്‍ ബ്രാവോ വീഴ്ത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരം എന്നീ റെക്കോർഡുകൾ ബ്രാവോയുടെ പേരിലാണ്. 2021-ല്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയ ബ്രാവോ ഐപിഎല്‍, ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം വിവിധ ടീമുകള്‍ക്കായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത താരമാണ്.
അതേസമയം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രാവോയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്ത സീസണില്‍ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ബ്രാവോയുടെ നിയമനം. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞത്.