ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കണക്കിന് ശിക്ഷിച്ച് ഇംഗ്ലണ്ട് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ. സ്റ്റാർക്കിന്റെ ഒരോവറിൽ ലിവിങ്സ്റ്റോൺ അടിച്ചെടുത്തത് 28 റൺസാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ഏകദിനത്തിലാണ് ലിവിങ്സ്റ്റോൺ ആരാധകർക്ക് ബാറ്റിങ് വിരുന്നൊരുക്കിയത്. 27 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സും സഹിതം 62 റൺസെടുത്ത് പുറത്താകാതെ നിന്ന ഇംഗ്ലണ്ട് ബാറ്റർ ലോഡ്സിലെ അതിവേഗ അർധ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി.
Liam Livingstone lights up Lord's 🤩
— FanCode (@FanCode) September 27, 2024
🔥 28 runs off the final over vs Mitchell Starc
🔥 Fastest ODI 50 at Lord's, off just 25 balls #ENGvAUSonFanCode #RivalsForever pic.twitter.com/cqazWBiaOp
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. മഴമൂലം മത്സരം 39 ഓവറാക്കി ചുരുക്കിയിരുന്നു. ഫിൽ സോൾട്ട് 22, ബെൻ ഡക്കറ്റ് 63, വിൽ ജാക്സ് 10, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 87, ജാമി സ്മിത്ത് 39, ജേക്കബ് ബെഥൽ പുറത്താകാതെ 12 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയിലെ സംഭാവനകൾ. 39 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനും ഇംഗ്ലണ്ടിന് സാധിച്ചു.
ഓസ്ട്രേലിയയ്ക്കായി ആദം സാംബെ രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. എട്ട് ഓവറിൽ 70 റൺസ് വിട്ടുകൊടുത്തെങ്കിലും സ്റ്റാർക്കിന് വിക്കറ്റൊന്നും ലഭിച്ചില്ല. പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിലാണ്.