
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയകഥകള്‍ പലപ്പോഴും ചര്‍ച്ചാവിഷയമാവാറുണ്ട്. ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങ്ങിനും പല സിനിമാ നടിമാരും മോഡലുമാരുമാരുമായ പ്രണയബന്ധമുണ്ടായിരുന്നതായി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു പ്രണയകഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യുവി.
2007ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്ത് ഒരു ജനപ്രിയ ബോളിവുഡ് നടിയുമായി ഡേറ്റിങ്ങിലായിരുന്നുവെന്നാണ് യുവിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പേര് പറയാതെയാണ് തന്റെ പ്രണയകഥ യുവി വിശദീകരിച്ചത്. പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് തന്നെ കാണാന്‍ വരരുതെന്ന് വിലക്കിയിട്ടും നടി വന്നുവെന്ന് യുവി പറഞ്ഞു. ഒടുവില്‍ ടീം ബസില്‍ കയറിയത് അവരുടെ ഷൂ ധരിച്ചാണെന്നും ഇത് സുഹൃത്തുക്കള്‍ കണ്ടുപിടിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ പങ്കെടുത്ത യുട്യൂബ് ഷോയിലായിരുന്നു യുവരാജ് മനസ് തുറന്നത്.
‘അന്ന് ഞാൻ ഒരു നടിയുമായി അടുപ്പത്തിലായിരുന്നു. അവരുടെ പേര് ഞാൻ പറയുന്നില്ല. ഇന്ന് അവർ നല്ല നിലയിലാണ്. ഓസ്ട്രേലിയൻ പരമ്പരയ്ക്കായി ഞങ്ങൾ എത്തുന്ന സമയത്ത് ഒരു സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവർ അഡ്‌ലെയ്‌ഡിലുണ്ട്. പക്ഷേ ഓസ്ട്രേലിയൻ പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നതുകൊണ്ട് അവിടെ വച്ച് തത്ക്കാലം നമുക്കു കാണേണ്ടെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു. പക്ഷേ അവർ അതിന് കൂട്ടാക്കിയില്ല. കാൻബറയിലേക്കുള്ള യാത്രയിൽ അവർ ബസിൽ എന്നെ പിന്തുടർന്നുവന്നു.
ആദ്യത്തെ രണ്ടു ടെസ്റ്റിലും എനിക്ക് കാര്യമായി റൺസ് സ്കോർ ചെയ്യാനായിരുന്നില്ല. ഇതോടെ നീ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. എനിക്ക് നിനക്കൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്നായിരുന്നു അവളുടെ മറുപടി. അന്ന് രാത്രി ഞങ്ങൾ കുറേനേരം സംസാരിച്ചു. ഇരുവരും അവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ കാൻബറയിൽനിന്ന് അഡ്‌ലെയ്ഡിലേക്ക് പോകുന്നതിന് വേണ്ടി രാത്രി എന്റെ സ്യൂട്ട്കേസ് പാക്ക് ചെയ്തത്. രാവിലെ പോകാൻ തുടങ്ങുമ്പോൾ ഒരു സംഭവം ഉണ്ടായി. എന്റെ ഷൂസ് കാണാനില്ല. ഷൂസ് എവിടെയെന്ന് ചോദിച്ചപ്പോൾ അത് പാക്ക് ചെയ്തെന്നായിരുന്നു മറുപടി. സ്യൂട്ട്കേസ് ആണെങ്കിൽ തലേന്നു രാത്രി തന്നെ അഡ്‌ലെയ്ഡിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.
‘ബസിൽ ഉടനെ കയറേണ്ടിയിരുന്നു. ഷൂസില്ലാതെ എങ്ങനെ പോകുമെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ എന്റെ ഷൂസ് ധരിച്ചോളൂ എന്നായിരുന്നു അവളുടെ മറുപടി. പിങ്ക് നിറമുള്ള ഷൂസായിരുന്നു അവളുടേത്. ഒടുവിൽ എനിക്ക് ആ പിങ്ക് സ്ലിപ്പ് ഓൺ ധരിക്കേണ്ടിവന്നു. പിങ്ക് സ്ലിപ്പ് ഓൺ ആരും കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ബാഗ് മുന്നിൽ പിടിച്ച് മറക്കുകയും ചെയ്തു. എന്നാൽ ബസിൽ കയറുന്ന സമയത്ത് ഞാൻ പിങ്ക് ഷൂസ് ധരിച്ചത് സുഹൃത്തുക്കൾ കണ്ടുപിടിച്ചു. അവർ ഒന്നിച്ച് കയ്യടിക്കാനും തുടങ്ങി. എയർപോർട്ടിൽ നിന്ന് മറ്റൊരു ഷൂസ് വാങ്ങുന്നതുവരെ എനിക്ക് പിങ്ക് ഷൂസ് ധരിക്കേണ്ടിവന്നു', യുവരാജ് വിവരിച്ചു.