ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ച് വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും. മൈതാനത്ത് ബുംറയ്ക്ക് മുന്നില്‍ തന്നെ ബംമ്രയെ അനുകരിക്കുന്നത് കണ്ട് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് ചിരിക്കുന്നുമുണ്ട്. രസകരമായ സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയും ചെയ്തിരിക്കുകയാണ്.
കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു സംഭവം. ബംഗ്ലാദേശിനെതിരെ ടോസ് നേടിയ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തതിന് ശേഷം ടീമംഗങ്ങളും പരിശീലകരും വാം അപ്പിന് മൈതാനത്ത് ഇറങ്ങിയിരുന്നു. ഇതിനിടെയാണ് കോഹ്‌ലിയും ജഡേജയും ബുംറയെ കളിയാക്കുന്നതുപോലെ അദ്ദേഹത്തിന്റെ ബൗളിങ് സ്‌റ്റൈല്‍ അനുകരിച്ചത്.
ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡെസ്ക്കാത്തെയ്ക്കു മുന്നിലാണ് ഇരുവരും ബുംറയെ അനുകരിച്ചത്. ഇതുകണ്ട കോച്ചിന് ചിരി നിയന്ത്രിക്കാന്‍ സാധിച്ചില്ല. പൊട്ടിച്ചിരിച്ചുകൊണ്ട് ഡെസ്ക്കാത്തെ ഗ്ലൗസ് കൊണ്ട് മുഖം മറയ്ക്കുന്നതും വീഡിയോയില്‍ കാണാം.
Virat Kohli and Jadeja mimics Bumrah's bowling action infront of him 😭🤣#Rajinikanth𓃵 #WorldTourismDay2024 #DevaraBlockbuster #INDvsBAN pic.twitter.com/s2KTeQSoEy
— Mr. Maurya (@MrMauryaInfra) September 28, 2024
അതേസമയം ടെസ്റ്റിന്റെ രണ്ടാം ദിനമായ ശനിയാഴ്ച മഴയെ തുടര്‍ന്ന് മത്സരം ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചിരിക്കുകയാണ്. രണ്ടാം ദിനം മത്സരം ആരംഭിക്കാന്‍ അനുവദിക്കാതെ തുടങ്ങിയ ചാറ്റല്‍ മഴ ശക്തി പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം തുടരാനാവാത്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഒന്നാം ദിനം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. ആദ്യ ദിനത്തെ മത്സരം നിർത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തിരുന്നു.
ആദ്യ ദിനം നനഞ്ഞ ഔട്ട്ഫീൽഡിൽ ടോസിടാനും വൈകി. പിന്നാലെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് ഓപണർമാർ അതിവേഗം മടങ്ങി. സാക്കിർ ഹസൻ 24 പന്തുകൾ നേരിട്ടെങ്കിലും റൺസൊന്നും എടുക്കാൻ സാധിച്ചില്ല. സഹഓപണർ ഷദ്മാൻ ഇസ്ലാം 24 റൺസെടുത്തും പുറത്തായി. ആകാശ് ദീപിനാണ് ഇരുവരുടെയും വിക്കറ്റ്.
ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തു. രണ്ടാം സെഷനിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 31 റൺസുമായി മടങ്ങി. രവിചന്ദ്രൻ അശ്വിനാണ് വിക്കറ്റ്. മൊമിനൂൾ ഹഖ് 40 റൺസോടെയും മുഷ്ഫിഖുർ റഹീം ആറ് റൺസോടെയും മത്സരം അവസാനിക്കുമ്പോൾ ക്രീസിലുണ്ട്.