'ഫാബ് ഫോറില്‍' കെയ്ന്‍ വില്യംസണ്‍ നിറംമങ്ങുന്നോ?; നാല് മണിക്കൂറിനിടെ പുറത്തായത് രണ്ട് തവണ!

രണ്ട് ഇന്നിങ്‌സുകളിലും ദയനീയമായി പുറത്തായതോടെ വില്യംസണെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്

dot image

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിന്റെ മോശം പ്രകടനത്തിനൊപ്പം തന്നെ കെയ്ന്‍ വില്യംസണിന്റെ ഫോമും ചര്‍ച്ച ചെയ്യപ്പെടുകയാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം നാല് മണിക്കൂറിനിടെ രണ്ട് തവണയാണ് വില്യംസണ്‍ പുറത്തായത്. രണ്ട് ഇന്നിങ്‌സുകളിലും ദയനീയമായി പുറത്തായതോടെ വില്യംസണെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.

മൂന്നാം ദിനം ആദ്യ ഇന്നിങ്‌സില്‍ കേവലം 88 റണ്‍സിനാണ് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായത്. ഇന്നിങ്‌സില്‍ 53 പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് വില്യംസണ്‍ പുറത്തായി. വണ്‍ഡൗണായി ഇറങ്ങിയ വില്യംസണെ പ്രഭാത് ജയസൂര്യ ധനഞ്ജയ ഡി സില്‍വയുടെ കൈകളിലെത്തിക്കുകയായിരുന്നു. രാവിലെ 10.25നാണ് വില്യംസണ്‍ ആദ്യം പുറത്താവുന്നത്.

പിന്നീട് ന്യൂസിലന്‍ഡ് ഫോളോഓണ്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വില്യംസണ്‍ വീണ്ടും ബാറ്റിങ്ങിനിറങ്ങി. ഉച്ച തിരിഞ്ഞ് 2.15ന് വില്യംസണ്‍ വീണ്ടും പുറത്തായി. 58 പന്തില്‍ 46 റണ്‍സെടുത്ത വില്യംസണെ നിഷാന്‍ പെയ്‌രിസ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു.

കഴിഞ്ഞ നാല് ഇന്നിങ്‌സില്‍ നിന്നും 138 റണ്‍സാണ് വില്യംസണിന്റെ ആകെയുള്ള സമ്പാദ്യം. ആദ്യ ടെസ്റ്റില്‍ 55,30 എന്നിങ്ങനെയായിരുന്നു വില്യംസണ്‍ അടിച്ചുകൂട്ടിയത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വിയിലേക്ക് അടുക്കുകയാണ് ന്യൂസിലന്‍ഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 602 റണ്‍സിനെതിരെ ഫോളോഓണ്‍ ചെയ്യാന്‍ ന്യൂസിലന്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സിന് ഓള്‍ഔട്ടായ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിലാണ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ടോം ബ്ലണ്ടല്‍ (47), ഗ്ലെന്‍ ഫിലിപ്‌സ് (32) എന്നിവരാണ് ക്രീസില്‍.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us