ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിന് മുമ്പായുള്ള മെഗാതാരലേലത്തിൽ ചില താരങ്ങളെ വാങ്ങാൻ ആളുണ്ടായേക്കില്ല. മുൻ സീസണുകളിൽ ഐപിഎല്ലിലെ നിർണായക സാന്നിധ്യമായിരുന്നവർ ഒരുപക്ഷേ ഇനിയൊരു ടീമിനൊപ്പം ഉണ്ടാവാൻ സാധ്യതയില്ല. ന്യൂസിലാൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ, ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ താരം ഡേവിഡ് വാർണർ, ഇന്ത്യൻ താരം അജിൻക്യ രഹാനെ എന്നിവരാണ് അതിൽ പ്രധാനപ്പെട്ടവർ.
ഐപിഎല്ലിൽ നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് വില്യംസൺ. എന്നാൽ കഴിഞ്ഞ സീസണിൽ വില്യംസണ് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും സമീപകാലത്ത് മോശം ഫോമിലാണ് വില്യംസൺ. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ന്യൂസിലാൻഡിന്റെ പരാജയത്തിന് പിന്നാലെ വില്യംസൺ ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഐപിഎൽ സൺറൈസേഴ്സിനെയും 2019ലെ ലോകകപ്പിൽ ന്യൂസിലാൻഡിനെയും ഫൈനലിൽ എത്തിച്ച നായകനെ ഒരുപക്ഷേ അടുത്ത തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണാൻ സാധിച്ചേക്കില്ല.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണറാണ് ഡേവിഡ് വാർണർ. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള ജെയ്ക് ഫ്രെയ്സർ മക്ഗർഗിന്റെ വരവോടെ വാർണറിന്റെ അവസരങ്ങൾ കുറച്ചു. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വാർണർ വിരമിച്ചിരുന്നു. ഇനിയൊരു അവസരം ഐപിഎല്ലിൽ വാർണർക്ക് ലഭിച്ചേക്കില്ല.
ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ അജിൻക്യ രഹാനെയും അടുത്ത സീസണിൽ ഐപിഎല്ലിൽ ഉണ്ടായേക്കില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനവും ട്വന്റി 20 ക്രിക്കറ്റിന്റെ ശൈലിയിൽ അതിവേഗം റൺസ് കണ്ടെത്താൻ വിഷമിക്കുന്നതുമാണ് രഹാനെയ്ക്ക് തിരിച്ചടിയാകുക. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും രഹാനെ ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.