
കഴിഞ്ഞ ദിവസമാണ് അടുത്ത ഐപിഎൽ സീസണിലേക്ക് നിലവിലെ ടീമിലുള്ള ആറു താരങ്ങളെ നിലനിർത്താൻ അനുമതി നൽകി ബിസിസിഐ നിർണായകതീരുമാനമെടുത്തത്. അവസാനം നടന്ന മെഗാലേലത്തിനു മുൻപ് നാലു താരങ്ങളെ മാത്രം നിലനിർത്താനാണ് ബിസിസിഐ ടീമുകൾക്ക് അനുമതി നൽകിയിരുന്നത്. ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലാണു നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തിയത്. ഈ ആറ് പേരിൽ ഒരാൾ അൺ ക്യാപ്ഡ് കളിക്കാരനായിരിക്കണം. മറ്റ് 5 പേരിൽ വിദേശതാരങ്ങളേയും ഉൾപ്പെടുത്താം.
നിലനിർത്തുന്ന 5 പേരിൽ ആദ്യമൂന്ന് താരങ്ങൾക്ക് 18 കോടി, 14 കോടി, 11 കോടി എന്നിങ്ങനെ വില വരും. അൺ ക്യാപ്ഡ് കളിക്കാരനെ നാല് കോടി രൂപയ്ക്ക് നിലനിർത്താനാവും. മുമ്പ് മഹേന്ദ്ര സിംഗ് ധോണിയെ ടീമിൽ നിലനിർത്താനായി ബിസിസിഐ പഴയ നിയമം തിരികെ കൊണ്ടുവരണമെന്ന് ചെന്നൈ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായവരെ ആഭ്യന്തര താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ചെന്നൈയുടെ ആവശ്യം. അങ്ങനെയെങ്കിൽ എം എസ് ധോണിയെ കുറഞ്ഞ തുകയ്ക്ക് ചെന്നൈയ്ക്ക് നിലനിർത്താൻ കഴിയും. 2021 ലെ ഐപിഎല്ലിന് മുമ്പായാണ് ഈ നിയമം ബിസിസിഐ ഒഴിവാക്കിയത്. ഈ നിയമം ഇതുവരെയും ആരും ഉപയോഗിക്കാത്തതായിരുന്നു ഒഴിവാക്കാനുള്ള കാരണം. എന്നാൽ വീണ്ടും ഈ നിയമം കൊണ്ടുവന്നതോടെ ധോണിയെ അൺക്യാപ്ഡ് പ്ലേയറായി സി എസ് കെയ്ക്ക് നിലനിർത്താം.
2022 മെഗാതാരലേലത്തിൽ 12 കോടിയായിരുന്നു ധോണിയുടെ വില. 43 കാരനായ ധോണി 2020 ന് ശേഷം ഐ പി എൽ മാത്രമേ കളിക്കാറുള്ളൂ. ധോണി ഇനി അൺക്യാപ്ഡ് പ്ലേയറായി റീട്ടെയ്ൻ ചെയ്യപ്പെട്ടാൽ ധോണിയ്ക്ക് 4 കോടിയായിരിക്കും പ്രതിഫലമായി ലഭിക്കുക. അതായത് നിലവിലെ പ്രതിഫലത്തിൽ നിന്നും 66.67 ശതമാനം കുറവായിരിക്കും ധോണി അടുത്ത സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുകയാണെങ്കിൽ ധോണിയ്ക്ക് ലഭിക്കാനിടയുള്ള പ്രതിഫലമെന്ന് സാരം.