
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും വില്ലനായി നിൽക്കുകയാണ് മഴയും നനഞ്ഞ ഔട്ട് ഫീൽഡും. നിലവിൽ മൂന്നാം ദിനം ലഞ്ചിന്റെ സമയമായിട്ടും ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞിട്ടില്ല. നേരത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം മഴമൂലം കളി ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാതെയാണ് മഴയെ തുടർന്ന് രണ്ടാം ദിനം മത്സരം ഉപേക്ഷിച്ചത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ മത്സരം സമനിലയിലേക്ക് നീങ്ങും. ആദ്യ ദിവസം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. ആദ്യ ദിനത്തെ മത്സരം നിർത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തിരുന്നു.
ആദ്യ ദിനം നനഞ്ഞ ഔട്ട്ഫീൽഡിൽ ടോസിടാനും വൈകി. പിന്നാലെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് ഓപണർമാർ അതിവേഗം മടങ്ങി. സാക്കിർ ഹസന് 24 പന്തുകൾ നേരിട്ടെങ്കിലും റൺസൊന്നും എടുക്കാൻ സാധിച്ചില്ല. സഹഓപണർ ഷദ്മാൻ ഇസ്ലാം 24 റൺസെടുത്തും പുറത്തായി. ആകാശ് ദീപിനായിരുന്നു ഇരുവരുടെയും വിക്കറ്റ്.
ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തു. രണ്ടാം സെഷനിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ 31 റൺസുമായി മടങ്ങി. രവിചന്ദ്രൻ അശ്വിനാണ് വിക്കറ്റ്. മൊമിനൂൾ ഹഖ് 40 റൺസോടെയും മുഷ്ഫിഖുർ റഹീം ആറ് റൺസോടെയുമാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്.