ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ മെഗാലേലത്തിന് മുന്‍പ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന് സുപ്രധാന നിര്‍ദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അജയ് ജഡേജ. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്യണമെന്നാണ് ജഡേജ അഭിപ്രായപ്പെടുന്നത്.
ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ നിലനിര്‍ത്തേണ്ടതില്ലെന്നും പകരം റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി അദ്ദേഹത്തെ ലേലത്തില്‍ സ്വന്തമാക്കുകയാണ് ചെയ്യേണ്ടതെന്നും ജഡേജ പറഞ്ഞു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ തീര്‍ച്ചയായും നിലനിര്‍ത്തണമെന്നും പറഞ്ഞ ജഡേജ അതിന്റെ കാരണവും വ്യക്തമാക്കി.
'രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടതെന്ന് ഞാന്‍ കരുതുന്നു. ലേലത്തിന് വെച്ചാല്‍ ഈ കളിക്കാരെ സ്വന്തമാക്കുകയെന്നത് അസാധ്യമാണ്', അദ്ദേഹം ചൂണ്ടിക്കാട്ടി.
'കൂടാതെ ഹാര്‍ദ്ദിക്കിന് വേണ്ടി മുംബൈ ഇന്ത്യന്‍സ് അവരുടെ ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കണം. ഹാര്‍ദ്ദിക് നല്ലൊരു കളിക്കാരന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ പരിക്കുകള്‍ തിരിച്ചടിയാണ്. പരിക്കുകള്‍ കാരണം മറ്റ് ഫ്രാഞ്ചൈസികള്‍ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കണമെന്ന് അത്രപെട്ടെന്ന് ആഗ്രഹിക്കില്ല', അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് കഴിഞ്ഞ സീസണിലാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ താരത്തെ മുംബൈയുടെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. അഞ്ച് തവണയും മുംബൈയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ സൂപ്പര്‍ താരം രോഹിത് ശര്‍മയെ ഒഴിവാക്കി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ വലിയ ആരാധകപ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിന്റെ കീഴില്‍ ഇറങ്ങിയ മുംബൈ കഴിഞ്ഞ സീസണില്‍ പട്ടികയില്‍ അവസാനക്കാരായാണ് ഫിനിഷ് ചെയ്തത്.