ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് മുമ്പായി മഹേന്ദ്ര സിങ് ധോണിയെ ടീമിൽ നിലനിർത്തുന്നതിൽ ഉറപ്പ് പറയാതെ ചെന്നൈ സൂപ്പർ കിങ്സ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ധോണിയെ അൺക്യാപ്ഡ് താരമായി ടീമിൽ നിലനിർത്തുന്ന കാര്യം പറയാനാകില്ലെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സി ഇ ഒ കാശി വിശ്വനാഥൻ പ്രതികരിച്ചത്. ധോണി ഇപ്പോൾ അമേരിക്കയിലാണ്. ഞാൻ ഇപ്പോൾ യാത്രയിലുമാണ്. ഈ ആഴ്ച ഞങ്ങൾ തമ്മിൽ ഒരു ചർച്ചയ്ക്ക് സാധ്യതയില്ല. അടുത്തയാഴ്ച ഇക്കാര്യത്തിൽ വ്യക്തത വരുത്തും. ധോണി ടീമിൽ തുടരുമെന്നാണ് വിശ്വാസമെന്നും കാശി വിശ്വനാഥ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത വർഷത്തെ താരലേലത്തിന് മുമ്പായി ഒരു ടീമിന് പരമാവധി ആറ് താരങ്ങളെ നിലനിർത്താൻ കഴിയും. അതിൽ എത്രപേർ ഇന്ത്യൻ താരമെന്നോ വിദേശ താരമെന്നോ പരിമിതികൾ ഇല്ല. എന്നാൽ ഒരു ടീമിന് പരമാവധി അഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെയാണ് നിലനിർത്താൻ കഴിയുക. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ പരമാവധി രണ്ട് പേരെ വരെയും നിലനിർത്താം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായി പരിഗണിക്കും. അതിനാൽ അൺക്യാപ്ഡ് താരമായി എം എസ് ധോണിയെ ചെന്നൈയ്ക്ക് നിലനിർത്താൻ കഴിയും. അങ്ങനെ നിലനിർത്തുന്ന താരങ്ങൾക്ക് നാല് കോടി രൂപയാണ് പ്രതിഫലം.