കാണ്‍പൂര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ മിന്നും ഫോമില്‍ ബാറ്റുവീശിയ രോഹിത് ശര്‍മയെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ കമന്ററി വൈറലാവുന്നു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് കാണ്‍പൂര്‍ സാക്ഷ്യം വഹിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചേര്‍ന്ന് ആദ്യ മൂന്ന് ഓവറില്‍ തന്നെ ടീം സ്‌കോര്‍ 50 റണ്‍സ് കടത്തിയിരുന്നു.
ഹസന്‍ മഹ്‌മൂദ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ജയ്‌സ്‌വാള്‍ റണ്‍വേട്ടയ്ക്ക് തുടക്കമിട്ടു. ജയ്‌സ്‌വാള്‍ തിരികൊളുത്തിയ ബാറ്റിങ് വെടിക്കെട്ട് ആദ്യ രണ്ട് പന്തില്‍ ബാക്ക് ടു ബാക്ക് സിക്‌സര്‍ അടിച്ച് ക്യാപ്റ്റന്‍ രോഹിത് ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഖാലിദ് അഹമ്മദിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പായിച്ച രോഹിത് രണ്ടാം പന്തും ഗ്യാലറിയിലെത്തിച്ചു.
ഇതിനുപിന്നാലെ കമന്ററി ബോക്‌സില്‍ നിന്നും ഉയര്‍ന്ന ദിനേശ് കാര്‍ത്തിക്കിന്റെ വാക്കുകളാണ് വൈറലായത്. 'രോഹിത് ശര്‍മയോട് നിങ്ങള്‍ വിരമിച്ചെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കൂ. അദ്ദേഹം ഇനി രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നില്ല', എന്നായിരുന്നു ഡികെയുടെ വാക്കുകള്‍.
11 പന്തുകളില്‍ 23 റണ്‍സെടുത്ത് രോഹിത് പുറത്തായി. സ്‌കോര്‍ 55 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൗള്‍ഡാവുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന് പിന്നാലെ ക്രീസിലെത്തിയവരെല്ലാം ആക്രമിച്ചുകളിച്ചു. നാലാം ദിനം ബംഗ്ലാദേശിനെ 233 റണ്‍സിന് പുറത്താക്കിയ ഇന്ത്യ അതിവേഗം റണ്‍സെടുത്ത് ലീഡെടുത്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് ടോട്ടലിന് മറുപടി പറഞ്ഞ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്.