ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്റെ ബൗളിങ് സ്പീഡിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് യുവതാരം മായങ്ക് യാദവ്. ഞാൻ വിചാരിച്ചത് ഏതൊരു ബൗളർക്കും എറിയാൻ കഴിയാവുന്ന സ്പീഡ് മാത്രമാണ് എനിക്കുള്ളതെന്നാണ്. ഡൽഹി ക്രിക്കറ്റിലെ സഹതാരങ്ങൾ എനിക്ക് 150 കിലോ മീറ്ററിന് മുകളിൽ സ്പീഡിൽ പന്തെറിയാൻ കഴിയുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അത് ഞാൻ വിശ്വസിച്ചില്ല. മായങ്ക് യാദവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
'2022ലെ ഐപിഎല്ലിൽ ഞാൻ ലഖ്നൗ ക്യാമ്പിൽ പന്തെറിഞ്ഞിരുന്നു. എന്റെ സ്പീഡ് എത്രയെന്ന് ഊഹിക്കാമോയെന്ന് സപ്പോർട്ടിങ് സ്റ്റാഫുകൾ ചോദിച്ചു. ഏകദേശം 140 കിലോ മീറ്റർ സ്പീഡ് ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് എന്റെ ബൗളിങ്ങിന് 150 കിലോ മീറ്ററോളം സ്പീഡുണ്ടെന്നാണ്. അപ്പോഴാണ് എന്റെ ബൗളിങ് സ്പീഡിനെക്കുറിച്ച് ഞാൻ ആദ്യമായി മനസിലാക്കിയത്.' മായങ്ക് യാദവ് വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മായങ്കിനും ഇടം ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് യുവതാരത്തിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറിയ മായങ്ക് യാദവിന് നാല് മത്സരങ്ങൾ മാത്രമെ കളിക്കാൻ കഴിഞ്ഞുള്ളു. പരിക്കിനെ തുടർന്ന് താരത്തിന് കൂടുതൽ മത്സരങ്ങളും നഷ്ടമായി. കഴിഞ്ഞ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത് മായങ്ക് ആണ്. 156.7 കിലോ മീറ്റർ വേഗത്തിലായിരുന്നു ഈ പന്ത് മായങ്ക് എറിഞ്ഞത്.