ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിമർശനം ഉന്നയിച്ച് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്‍ലിക്ക് മുമ്പായി റിഷഭ് പന്തിനെ ബാറ്റിങ്ങിന് അയച്ചതാണ് ഗാവസ്കറിനെ ചൊടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസോളം സ്കോർ ചെയ്ത ഒരാൾ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് ഗാവസ്കർ ജിയോ സിനിമയുടെ കമന്ററിയിൽ പറഞ്ഞു.
ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന്റെ 233 റൺസിന് മറുപടി പറഞ്ഞ ഇന്ത്യ അതിവേഗം റൺസ് ഉയർത്താനാണ് ശ്രമിച്ചത്. രോഹിത് ശർമയും യശസ്വി ജയ്സ്വാളും പുറത്തായപ്പോൾ നാലാം നമ്പറിൽ വിരാട് കോഹ്‍ലി ക്രീസിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ക്രീസിലുണ്ടായിരുന്ന ശുഭ്മൻ ഗില്ലിന് കൂട്ടായി നാലാം നമ്പറിൽ റിഷഭ് പന്താണ് ക്രീസിലെത്തിയത്. റൺസ് വേഗം കൂട്ടാനെത്തിയ പന്ത് പക്ഷേ 13 പന്തിൽ ഒമ്പത് റൺസുമായി പുറത്തായി. പന്തിന് മുമ്പെ ഗിൽ പുറത്തായപ്പോൾ വിരാട് കോഹ്‍ലി ക്രീസിലെത്തിയിരുന്നു.
35 പന്തിൽ നാല് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 47 റൺസാണ് വിരാട് കോഹ്‍ലി മത്സരത്തിൽ നേടിയത്. ഷക്കീബ് അൽ ഹസന്റെ പന്തിൽ അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ കോഹ്‍ലി പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 37 പന്തിൽ 29 റൺസെടുത്ത കോഹ്‍ലി പുറത്താകാതെ നിന്നു.