ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ മറികടന്നാണ് റാങ്കിങ്ങില്‍ ബുംറയുടെ കുതിപ്പ്.
ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ 870 പോയിന്റോടെയാണ് ബുംറ ഒന്നാമതെത്തിയത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന് 869 പോയിന്റുണ്ട്. പരമ്പരയില്‍ ഇരുതാരങ്ങളും 11 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. നിര്‍ണായക ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെച്ച അശ്വിനാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാൾ മൂന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെതിരെ നിര്‍ണായക പ്രകടനം പുറത്തെടുത്താണ് ജയ്സ്വാൾ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. അവസാന ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ജയ്സ്വാൾ അര്‍ധ സെഞ്ച്വറി നേടിയിരുന്നു (72, 51).
അതേസമയം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി റാങ്കിങ്ങിലെ ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോഹ്‌ലി നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് ടെസ്റ്റില്‍ നിന്നും 99 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 15-ാം സ്ഥാനത്തും ശുഭ്മന്‍ ഗില്‍ 16-ാം സ്ഥാനത്തുമാണ്.