പാക്കിസ്ഥാൻ ടീമിനെ ശക്തമായി വിമർശിച്ച് പാക് ക്രിക്കറ്റിലെ ഇതിഹാസ താരവും ഏഷ്യൻ ബ്രാഡ്മാൻ എന്ന പേരിലറിയപ്പെടുകയും ചെയ്യുന്ന സഹീർ അബ്ബാസ് രംഗത്ത്. ടി20 മത്സരങ്ങളുടെ അതിപ്രസരവും ഇത് വഴി കിട്ടുന്ന പണത്തിന്റെ സാന്നിധ്യവും പാക് താരങ്ങളുടെ ശ്രദ്ധ തെറ്റിച്ചിരിക്കുകയാണെന്നാണ് സഹീർ അബ്ബാസ് ആഞ്ഞടിച്ചത്.
ഇക്കഴിഞ്ഞ മാസങ്ങളിലായി പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് ഹോം ടെസ്റ്റ് പരമ്പര കൈവിട്ടിരുന്നു. ആത്മവിശ്വാസം തകർന്നു നിൽക്കുന്ന പാക് ടീമിന് ഇരുട്ടടിയായി കഴിഞ്ഞ ദിനം ടീമിന്റെ വൈറ്റ് ബോൾ നായകസ്ഥാനം സ്റ്റാർ ബാറ്ററായ ബാബർ അസം ഒഴിയുകയും ചെയ്തു.
കളിക്കാർക്ക് ഇപ്പോൾ ഒരുപാട് പണം പ്രതിഫലമായി ലഭിക്കുന്നുണ്ട്. അതിനാൽ പണമുണ്ടാക്കുന്നത് മാത്രമാണ് ഇപ്പോൾ അവരുടെ പ്രധാനലക്ഷ്യം. പാക് ക്രിക്കറ്റ് നടത്തിക്കൊണ്ട് പോവുന്നവർക്ക് ക്രിക്കറ്റിനെ പറ്റി ഒരു ചുക്കുമറിയില്ല എന്നതും ഈയൊരു ദുരവസ്ഥയ്ക്ക് കാരണമാണ്. സഹീർ അബ്ബാസ് പറഞ്ഞതിങ്ങനെ.
നേരത്തെ സഹീർ അബ്ബാസ് ബാബർ അസമിനെതിരെ ആഞ്ഞടിച്ചതും വാർത്തയായിരുന്നു. നിലവിലെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ബാബറിനെ ടീമിൽ നിന്ന് തന്നെ പുറത്താക്കണമെന്നായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ സഹീർ അബ്ബാസ് അഭിപ്രായപ്പെട്ടത്.