ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് മൂന്നാം പതിപ്പിന് മുമ്പായുള്ള താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി റീസ ഹെൻഡ്രിക്സ്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ക്രിക്കറ്റ് ടീം കൂടിയായ ഹെൻഡ്രിക്സിനെ 4.3 മില്യൺ റാൻഡ് കൊടുത്താണ് മുംബൈ ഇന്ത്യൻസ് കേപ് ടൗൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം റിച്ചാർഡ് ഗ്ലീസനാണ് വിലയേറിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമൻ. 2.3 മില്യൺ റാൻഡിന് ഗ്ലീസനെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസ് താരം എവിൻ ലിവീസ് ആണ് വിലയേറിയ താരങ്ങളിൽ മൂന്നാമൻ. 1.5 മില്യൺ റാൻഡ് നൽകി താരത്തെ പ്രിക്ടോറിയ ക്യാപിറ്റൽസ് സ്വന്തമാക്കി. 13 സ്ലോട്ടുകളിൽ 188 താരങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ദിനേശ് കാർത്തിക്ക് നേരത്തെ തന്നെ പാൾ റോയൽസുമായി കരാർ ഉറപ്പിച്ചിരുന്നു.
അടുത്ത വർഷം ജനുവരി ഒമ്പത് മുതലാണ് ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് ആയിരുന്നു ചാംപ്യന്മാർ. എയ്ഡാൻ മാക്രത്തിന്റെ ടീം ഇത്തവണയും വിജയിച്ചാൽ ഹാട്രിക് കിരീടം സ്വന്തമാക്കാൻ കഴിയും.