
ബംഗ്ലാദേശിനെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചിട്ടുണ്ട്. പരമ്പരയ്ക്ക് മുന്നോടിയായി നാഗ്പൂരിലുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ പരിശീലനം ചെയ്യുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലകനുമായ രാഹുല്‍ ദ്രാവിഡാണ് സഞ്ജുവിന് പരിശീലനം നല്‍കുന്നതെന്നാണ് പ്രത്യേകത. ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'കോച്ചും ക്യാപ്റ്റനും' എന്ന ക്യാപ്ഷനോടെ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലിക്കുന്ന സഞ്ജുവിനെ ദ്രാവിഡ് വീക്ഷിക്കുന്നത് വ്യക്തമായി കാണാം. സഞ്ജു മികച്ച ഷോട്ട് പായിക്കുമ്പോള്‍ 'ഷോട്ട് സഞ്ജു, ലവ്‌ലി ഷോട്ട്' എന്ന് ദ്രാവിഡ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Head Coach & Skipper 😍💗 pic.twitter.com/vIVGP7QvwB
— Rajasthan Royals (@rajasthanroyals) October 1, 2024
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഈയടുത്താണ് ദ്രാവിഡ് നിയമിക്കപ്പെട്ടത്. 2025 ഐപിഎല്‍ സീസണില്‍ ദ്രാവിഡും സഞ്ജുവും ഒരുമിച്ചുള്ള കോംബോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.