ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറി അടിച്ചെടുത്ത് മുംബൈ താരം സര്‍ഫറാസ് ഖാന്‍. 149 പന്തുകളില്‍ നിന്ന് സെഞ്ച്വറി തികച്ച സര്‍ഫറാസ് 253 പന്തുകള്‍ നേരിട്ടാണ് ഇരട്ടശതകം പൂര്‍ത്തിയാക്കിയത്. ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമെന്ന ചരിത്രനേട്ടവും ഇതോടെ സര്‍ഫറാസിനെ തേടിയെത്തി.
MEET SARFARAZ KHAN...!!!
— Mufaddal Vohra (@mufaddal_vohra) October 2, 2024
- The first Mumbai player to score a double hundred in Irani Cup. 🥶pic.twitter.com/nNTV2UYjOc
സര്‍ഫറാസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. മത്സരം 137 ഓവറുകള്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെന്ന നിലയിലാണ് മുംബൈ. 276 പന്തില്‍ 221 റണ്‍സെടുത്ത് സര്‍ഫറാസും 56 പന്തില്‍ 36 റണ്‍സുമായി ഷര്‍ദ്ദുല്‍ താക്കൂറുമാണ് ക്രീസില്‍.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ് മുംബൈ ബാറ്റിങ് ആരംഭിച്ചത്. 97 റൺസുമായി സെഞ്ച്വറിക്കരികെ നിന്ന അജിൻക്യ രഹാനയെ യാഷ് ദയാൽ പുറത്താക്കി. അഞ്ചാം വിക്കറ്റിൽ രഹാനെ-സർഫ്രാസ് കൂട്ടുകെട്ട് 121 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ അഞ്ച് റൺസെടുത്ത ഷംസ് മുലാനിയുടെ വിക്കറ്റ് മുകേഷ് കുമാറും സ്വന്തമാക്കി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ നാലും യാഷ് ദയാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ ദിനം മത്സരത്തിൽ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. 37 റൺസിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തി. പിന്നാലെ അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ക്രീസിൽ ഒന്നിച്ചതോടെയാണ് മുംബൈയുടെ സ്കോർബോർഡ് ഉയർന്നത്. അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ചേർന്ന നാലാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടിച്ചേർത്തു. 57 റൺസെടുത്താണ് ശ്രേയസ് പുറത്തായത്.