ഇറാനി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മുംബൈ ശക്തമായ നിലയിൽ. 177 റൺസുമായി പുറത്താകാതെ നിൽക്കുന്ന സർഫ്രാസ് ഖാന്റെ പോരാട്ടമാണ് മുംബൈ സ്കോർ ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഓൾ റൗണ്ടർ തനൂഷ് കോട്യാൻ 59 റൺസുമായും ക്രീസിലുണ്ട്. ഇരുവരും ചേർന്ന പിരിയാത്ത ഏഴാം വിക്കറ്റിൽ ഇതുവരെ 169 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. മത്സരത്തിന്റെ രണ്ടാം ദിവസം രണ്ട് സെഷൻ പിന്നിടുമ്പോൾ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 449 റൺസെന്ന നിലയിലാണ്.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ് മുംബൈ ബാറ്റിങ് ആരംഭിച്ചത്. 97 റൺസുമായി സെഞ്ച്വറിക്കരികെ നിന്ന അജിൻക്യ രഹാനയെ യാഷ് ദയാൽ പുറത്താക്കി. അഞ്ചാം വിക്കറ്റിൽ രഹാനെ-സർഫ്രാസ് കൂട്ടുകെട്ട് 121 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ അഞ്ച് റൺസെടുത്ത ഷംസ് മുലാനിയുടെ വിക്കറ്റ് മുകേഷ് കുമാറും സ്വന്തമാക്കി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ നാലും യാഷ് ദയാൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ ദിനം മത്സരത്തിൽ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. 37 റൺസിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തി. പിന്നാലെ അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ക്രീസിൽ ഒന്നിച്ചതോടെയാണ് മുംബൈയുടെ സ്കോർബോർഡ് ഉയർന്നത്. അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ചേർന്ന നാലാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടിച്ചേർത്തു. 57 റൺസെടുത്താണ് ശ്രേയസ് പുറത്തായത്.