ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു അപൂർവ്വ റെക്കോർഡിന് ഉടമയായി യുവതാരം യശസ്വി ജയ്സ്വാൾ. ഇതാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപണിങ് ബാറ്റർ ബംഗ്ലാദേശിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും അർധ സെഞ്ച്വറി നേടി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 51 പന്തിൽ ജയ്സ്വാൾ 72 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ 45 പന്തിൽ 51 റൺസാണ് ജയ്സ്വാളിന്റെ സംഭാവന.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യ ദിവസം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. പിന്നീട് രണ്ട് ദിവസം മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം നഷ്ടമായി. നാലാം ദിവസം മൂന്നിന് 107 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ചു. ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 233 റൺസിൽ എല്ലാവരും പുറത്തായി.
മറുപടി പറഞ്ഞ ഇന്ത്യ ട്വന്റി 20യുടെ ബാറ്റിങ് ശൈലിയാണ് സ്വീകരിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഒമ്പതിന് 285 എന്ന സ്കോറിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 146 റൺസിന് എല്ലാവരും പുറത്തായി. 95 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.